ബംഗളൂരു- ആഗോള പ്രശസ്തനായ ഹൃദയരോഗ വിഗദ്ധൻ ഡോ.കെ.എം ചെറിയാൻ അന്തരിച്ചു. 82 വയസായിരുന്നു. ഇന്നലെ രാത്രി 11.50ന് മണിപ്പാൽ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. സുഹൃത്തിന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രാജ്യത്തെ ആദ്യത്തെ കൊറോണറി ആർട്ട് ബൈപ്പാസ് ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയത് ഡോ. ചെറിയാനായിരുന്നു. ആദ്യത്തെ പീഡിയാട്രിക് ഹാർട്ട് ട്രാൻസ്പ്ലാന്റ്, ആദ്യത്തെ ടി.എം.ആർ(ലേസർ ഹാർട്ട് സർജറി)എന്നിവ നടത്തിയത് ചെറിയാനായിരുന്നു. 1991-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡൻ്റാകുന്ന ആദ്യ ഇന്ത്യക്കാരനും അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിലെ, ഇന്ത്യയിൽ നിന്നുള്ള ആദ്യ അംഗവുമായിരുന്നു.
1942ൽ കായംകുളത്ത് ജനിച്ച കെ.എം. ചെറിയാൻ, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ലക്‌ചററായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ദൈവത്തിന്റെ കൈ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെന്നൈയിലെത്തിക്കുന്ന മൃതദേഹം വ്യാഴാഴ്‌ച സംസ്‌കരിക്കും. ഭാര്യ- സെലിൻ ചെറിയാൻ. മക്കൾ- സന്ധ്യ ചെറിയാൻ, ഡോ. സഞ്ജയ് ചെറിയാൻ.