വാഷിംഗ്ടൺ – അമേരിക്കയുടെ നാൽപത്തിയേഴാമത് പ്രസിഡന്റായി ഡോണൽഡ് ട്രംപ് അധികാരമേറ്റു. വാഷിംഗ്ടൺ ഡി.സിയിൽ പ്രാദേശിക സമയം അഞ്ചിനാണ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇത് രണ്ടാം തവണയാണ് ട്രംപ് പ്രസിഡന്റ് പദവിയിൽ എത്തുന്നത്. രാഷ്ട്രീയ എതിരാളികൾക്കെതിരായ തന്റെ ആരോപണങ്ങൾ ട്രംപ് ഉദ്ഘാടന പ്രസംഗത്തിലും ആവർത്തിച്ചു. തീവ്രവും അഴിമതി നിറഞ്ഞതുമായ ഒരു സ്ഥാപനത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കും എന്ന് ട്രംപ് പറഞ്ഞു.
മെക്സിക്കോയുമായുള്ള തെക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ട്രംപ് രാജ്യത്ത് ഇനി മുതൽ ആണും പെണ്ണും മാത്രമേയുള്ളൂവെന്നും ട്രാൻസ്ജെൻഡർ ഇല്ലെന്നും പ്രഖ്യാപിച്ചു. ഇന്ന് മുതൽ, ആണും പെണ്ണും എന്ന രണ്ട് ലിംഗഭേദങ്ങൾ മാത്രമേയുള്ളൂ എന്നതാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാരിന്റെ ഔദ്യോഗിക നയം-ഉദ്ഘാടന പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. പൊതു, സ്വകാര്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വംശത്തെയും ലിംഗഭേദത്തെയും സാമൂഹികമായി രൂപകൽപ്പന ചെയ്യാൻ ശ്രമിക്കുന്ന സർക്കാർ നയം ഞാൻ അവസാനിപ്പിക്കും. പുതിയ നീക്കങ്ങളെ “സാമാന്യബുദ്ധിയുടെ വിപ്ലവം” എന്നാണ് ട്രംപ് വിളിച്ചത്. യുഎസ് പാസ്‌പോർട്ടുകളിൽ “എക്സ്” എന്ന് സൂചിപ്പിക്കുന്ന മൂന്നാം ലിംഗത്തെ അംഗീകരിക്കുന്ന ഔദ്യോഗിക നയങ്ങൾ അവസാനിപ്പിക്കും. പുരുഷനും സ്ത്രീയും എന്ന രണ്ട് ലിംഗഭേദങ്ങളെ മാത്രമേ സർക്കാർ അംഗീകരിക്കുകയുള്ളൂ.
ബൈഡൻ യുഎസ് ക്യാപിറ്റലിൽ നിന്ന് മടങ്ങി
അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോ ബൈഡൻ യു.എസ് ക്യാപിറ്റോളിൽനിന്ന് തിരിച്ചു. ക്യാപിറ്റോളിൽനിന്ന് അധികം ദൂരെയല്ലാത്ത ജോയിന്റ് ബേസ് ആൻഡ്രൂസിലേക്ക് ഹെലികോപ്റ്ററിലാണ് ബൈഡൻ പോയത്. അവിടെ നിന്ന് അദ്ദേഹം വിമാനത്തിൽ കാലിഫോർണിയയിലേക്ക് പോകും.