ന്യൂയോർക്ക്: ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ച കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനാണെന്ന് കോടതി വിധി. ചരിത്രത്തിലാദ്യമായാണ് അമേരിക്കയുടെ ഒരു മുൻ പ്രസിഡന്റിനെ ക്രിമിനൽ കേസിൽ ശിക്ഷിക്കുന്നത്. ട്രംപിനുള്ള ശിക്ഷ ജൂലൈ 11ന് പ്രഖ്യാപിക്കും. 34 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്.
വിധി അപമാനകരമാണെന്ന് പറഞ്ഞ ട്രംപ് വിധി പ്രഖ്യാപിച്ച ബെഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റിസ് മർച്ചനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
അവസാനം വരെ പോരാട്ടം തുടരുമെന്ന് പറഞ്ഞ ട്രംപ് കോടതി തന്നോട് അന്യായം പ്രവർത്തിച്ചുവെന്നും ആരോപിച്ചു. “ഇത് അവസാനിച്ചിട്ടില്ല” എന്ന് പറഞ്ഞാണ് ട്രംപ് കോടതിയിൽനിന്ന് തിരിച്ചുപോയത്.
12 ജൂറി അംഗങ്ങൾ രണ്ട് ദിവസം ചർച്ച ചെയ്താണ് ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചത്.
ട്രംപുമായുള്ള ലൈംഗികബന്ധം ആരോപിക്കപ്പെട്ട സ്റ്റോമി ഡാനിയൽസ് ഉൾപ്പെടെ 22 സാക്ഷികളിൽ നിന്ന് ആറാഴ്ചയ്ക്കിടെ കോടതി മൊഴി രേഖപ്പെടുത്തി.