തൃശൂർ / ന്യൂഡൽഹി: കേരളത്തിലെ ഇരു മുന്നണികൾക്കും വമ്പൻ തിരിച്ചടി നൽകി തൃശൂരിൽനിന്ന് ബി.ജെപിക്കു ഞെട്ടിപ്പിക്കുന്ന വിജയം നൽകി കേന്ദ്രമന്ത്രിയായ നടൻ സുരേഷ് ഗോപിയുടെ അഭിനയ തീരുമാനവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൽ അതൃപ്തി.
‘സിനിമയില്ലെങ്കിൽ താൻ ചത്തുപോകുമെന്നും അഭിനയിക്കാൻ പറ്റില്ലെങ്കിൽ മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമേയുള്ളൂവെന്നും’ ഈയിടെ കൊച്ചിയിലെ ഒരു സ്വീകരണ ചടങ്ങിൽ സുരേഷഗോപി പറഞ്ഞിരുന്നു. അതിനാൽ മന്ത്രിസ്ഥാനത്തിരുന്ന് വെള്ളിത്തിരയിലേക്ക് തിരിച്ചുവരുമെന്നും നടൻ വ്യക്തമാക്കിയിരുന്നു. ഈ പരാമർശം ഇന്ദ്രപ്രസ്ഥം വരെ ചർച്ച ചെയ്യുകയാണിപ്പോൾ.
മന്ത്രിസ്ഥാനവും സിനിമാഭിനയവും ഒരുമിച്ച് കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം. എന്നാൽ, പെരുമാറ്റച്ചട്ടമനുസരിച്ച് പണമുണ്ടാക്കുന്ന മറ്റു ജോലികളിൽ മന്ത്രിമാർക്ക് ഏർപ്പെടാൻ തടസ്സങ്ങളുണ്ടെന്നിരിക്കെ, കേന്ദ്രമന്ത്രിസ്ഥാനത്തിരുന്ന് അത്തരമൊരു സൈഡ് പരിപാടിക്ക് പച്ചക്കൊടി വീശിയാൽ അത് ബാധ്യതയാകുമെന്നും ഇത് പിന്നീട് പലർക്കും ബാധകമാക്കേണ്ടിവരുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വം കണക്കുകൂട്ടുന്നു. മാത്രവുമല്ല, ഇത് മറ്റ് നിയമക്കുരുക്കുകളിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്നും അതിനാൽ, കേന്ദ്രമന്ത്രിസ്ഥാനത്തിരുന്ന് അത്തരമൊരു രീതി പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നുമാണ് പാർട്ടി വൃത്തങ്ങളുടെ വികാരം.
കൂടാതെ മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമെന്ന നടന്റെ വാക്കുകളിലും സ്വീകരണ പരിപാടിയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെ പേര് വലിച്ചിഴച്ചതിലും പല മുതിർന്ന നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. ഇതോടെ അഭിനയവും മന്ത്രിസ്ഥാനവും ഏതളവുവരെ ഒരുമിച്ചു കൊണ്ടുപോകാൻ സുരേഷ് ഗോപിക്ക് സാധിക്കുമെന്ന ചർച്ചയാണ് അണിയറയിൽ സജീവമാകുന്നത്.
‘സിനിമ ഞാൻ ചെയ്യും. അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല. പക്ഷേ സെപ്തംബർ ആറിന് ഞാൻ ‘ഒറ്റക്കൊമ്പൻ’ സിനിമ ചിത്രീകരണം തുടങ്ങുകയാണ്. എല്ലാവരുടെയും ആശീർവാദം ഉണ്ടാകണം. എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു. 22 എണ്ണമെങ്കിലും ചെയ്യേണ്ടി വരുമെന്നു പറഞ്ഞപ്പോൾ അദ്ദേഹം ആ പേപ്പർ കെട്ട് അങ്ങനെ അങ്ങ് എടുത്ത് സൈഡിലേക്കെറിഞ്ഞു. പക്ഷേ, അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ സെപ്തംബർ ആറിന് ഇങ്ങോട്ടു പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്ട്രിയിൽ നിന്നുള്ള മൂന്നോ നാലോ പേർക്കൊരു ക്യാബിൻ ഞാനോ നിർമാതാവോ എടുത്ത് കൊടുക്കണം. ഇനി അതിന്റെ പേരിൽ പറഞ്ഞയയ്ക്കുമെങ്കിൽ ഞാൻ രക്ഷപ്പെട്ടു. തൃശൂരുകാരെ എനിക്ക് കൂടുതൽ പരിഗണിക്കാൻ പറ്റും. ഞാൻ ഇതൊന്നും ആഗ്രഹിച്ചതുമല്ല, മോഹിച്ചതുമല്ല. എന്റെ വിജയം ഒരു ചരിത്രമാണെന്ന് അവർ പറഞ്ഞു. അതിന്റെ മഹത്വം പറഞ്ഞപ്പോൾ എനിക്ക് വഴങ്ങേണ്ടി വന്നു. ഞാൻ എന്നും എന്റെ നേതാക്കളെ അനുസരിക്കും. സിനിമ എനിക്കു പാഷനാണ്. അതില്ലെങ്കിൽ ഞാൻ ചത്തുപോകുമെന്നു’മാണ് സുരേഷ് ഗോപി സ്വീകരണത്തിൽ പറഞ്ഞത്.