തിരുവനന്തപുരം– കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ മുതിർന്ന നേതാക്കളായ വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. എത്രയും വേഗം കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താനാണ് ഇരുവർക്കും ലഭിച്ചിരിക്കുന്ന നിർദേശം. ഇന്ന് രാത്രി തന്നെ ഡൽഹിയിൽ എത്താൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് ഹൈക്കമാൻഡിന്റെ ഈ സന്ദേശം നേതാക്കളെ അറിയിച്ചത്. മുഖ്യമന്ത്രി പദവിയെ സംബന്ധിച്ച് പാർട്ടിയിൽ തർക്കങ്ങളോ അവ്യക്തതയോ ഉണ്ടാകാതിരിക്കാൻ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര വിളിപ്പിയ്ക്കൽ. ഡൽഹിയിലെത്തുന്ന നേതാക്കൾ നാളെ കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.



