കല്‍പ്പറ്റ/തിരുവനന്തപുരം– ശക്തമായ മഴയെത്തുടര്‍ന്ന് വയനാട് മുണ്ടക്കൈക്ക് സമീപം വെള്ളരിമലയില്‍ മണ്ണിടിച്ചില്‍. കഴിഞ്ഞ രാത്രിയിലുണ്ടായ കനത്ത മഴയിലാണ് സംഭവം. ഈ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണങ്ങളുണ്ടായതോടെ വിശദീകരണവുമായി ദുരന്ത നിവാരണ അഥോറിറ്റി രംഗത്തെത്തി. ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരത്ത് നിന്ന് ദുരന്ത നിവാരണ അഥോറിറ്റി വ്യക്തമാക്കി. പുഞ്ചിരിമട്ടം വനത്തിനുള്ളില്‍ പുതിയ ഉരുള്‍പൊട്ടല്‍ ഇല്ലെന്നും മുന്‍കാല സംഭവങ്ങളുടെ അവിശിഷ്ടങ്ങള്‍ മഴയില്‍ താഴേക്ക് പതിക്കുന്നതാണെന്നും അവര്‍ വിശദീകരിച്ചു.
നേരത്തെ ഉരുള്‍പൊട്ടലുണ്ടായ മേഖലയായതിനാലാണ് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ന്നത്. പുന്നപ്പുഴയില്‍ ബെയിലി പാലത്തിനു സമീപം വലിയ കുത്തൊഴുക്കുണ്ടെന്ന് സമീപ വാസികള്‍ പറഞ്ഞു. കല്ലുകളും മരങ്ങളും പുഴയിലൂടെ ഒലിച്ചുവരുന്നുണ്ട്. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും മേഖലയിലുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.
അതേസമയം മണ്ണൊലിപ്പ് സംഭവിച്ച് വസ്തുക്കള്‍ പൂര്‍ണ്ണമായും കഴുകിക്കളയേണ്ടതിനാല് ഈ പ്രവണത കുറച്ചുകാലത്തേക്ക് തുടരുമെന്നും നദിയും അതിന്റെ നോഗോ സോണിന്റെ തൊട്ടടുത്ത ബഫര്‍ സോണും വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നുവെന്നും അപകട മേഖലയില്‍ പ്രവേശിക്കരുതെന്നും ദുരന്ത നിവാരണ അഥോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.