ന്യൂദൽഹി- ദൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പ്രഖ്യാപിച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണു തീയതികൾ പ്രഖ്യാപിച്ചത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് ഒറ്റഘട്ടമായി നടക്കും. ഫെബ്രുവരി എട്ടിനാണു വോട്ടെണ്ണൽ. നാമനിർദേശപത്രിക നൽകാനുള്ള അവസാന തീയതി ജനുവരി 17. സൂക്ഷ്മപരിശോധന 18നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 20നുമാണ്. ഏഴാം ദൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും.
വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങൾ വേദനിപ്പിച്ചുവെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. ചോദ്യം ചെയ്യാനുള്ള അവകാശം അടിസ്ഥാനരഹിത പ്രചാരണം നടത്താനുള്ള അവകാശമല്ലെന്നും എല്ലാ ആരോപണങ്ങൾക്കും മറുപടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടർമാരെ ചേർക്കുന്നതും ഒഴിവാക്കുന്നതും ചട്ടപ്രകാരമാണെന്നും പട്ടിക തയാറാക്കുന്ന ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാർട്ടികൾക്കു പങ്കാളിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.