ബെയ്‌റൂത്ത് – തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ തുടരുന്ന ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ ലെബനോനില്‍ മരണപ്പെട്ടവരുടെ എണ്ണം 217 ആയി ഉയര്‍ന്നു. 798 പേര്‍ക്ക് പരിക്കേറ്റു. ഒരു ലക്ഷം പേര്‍ വീടുകള്‍ ഒഴിഞ്ഞ് പലായനം ചെയ്തു. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടെ ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നിന്നും കിഴക്കന്‍ ലെബനോനിലെ ബെക്കാ താഴ്വരയുടെ ചില ഭാഗങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ഇസ്രായിലി സൈന്യം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച തെക്കന്‍ ലെബനോനിലെ വലിയ പ്രദേശം ഒഴിയാന്‍ ഇസ്രായില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇസ്രായിൽ നൽകിയ മുന്നറിയിപ്പുകളെത്തുടർന്ന് ലെബനോനിൽ ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ വീടുപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയതായി യു.എൻ ഉദ്യോഗസ്ഥൻ ഇമ്രാൻ റിസ പറഞ്ഞു. നിലവിൽ 477 അഭയകേന്ദ്രങ്ങൾ നിറഞ്ഞുകഴിഞ്ഞു. ബാക്കിയുള്ള കുറച്ചു കേന്ദ്രങ്ങളിലും തിരക്ക് വർധിക്കുകയാണ്. എങ്ങോട്ട് പോകണമെന്നറിയാതെ ജനങ്ങൾ പരിഭ്രാന്തരായി പലായനം ചെയ്യുകയാണ്.
2014-ലെ യുദ്ധസമയത്ത് പത്ത് ലക്ഷത്തിലധികം ആളുകൾക്ക് വീട് നഷ്ടപ്പെട്ടിരുന്നു. എന്നാൽ അന്ന് ഭൂരിഭാഗം പേരും അഭയകേന്ദ്രങ്ങളിലല്ല താമസിച്ചിരുന്നത്. ഇത്തവണയും പലായനം ചെയ്യുന്നവരിൽ വലിയൊരു വിഭാഗം ആളുകൾ അഭയകേന്ദ്രങ്ങൾക്ക് പുറത്തായിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി.



