ജുബൈൽ- കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ സ്വദേശിക്കും നാലു സൗദി പൗരൻമാർക്കും സൗദിയിൽ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പാക്കിയത്.
മലയാളിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ചു പേര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. സംഘം രൂപീകരിച്ച് പിടിച്ചുപറികള്‍ നടത്തുകയും മലയാളി കോഴിക്കോട് കൊടുവള്ളി സ്വദേശി സമീര്‍ വിലാട്ടുകുഴിയിലിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്ത സൗദി പൗരന്മാരായ ജഅ്ഫര്‍ ബിന്‍ സ്വാദിഖ് ബിന്‍ ഖമീസ് അല്‍ഹജി, ഹുസൈന്‍ ബിന്‍ ബാഖിര്‍ ബിന്‍ ഹുസൈന്‍ അല്‍അവാദ്, ഇദ്‌രീസ്, ബിന്‍ ഹുസൈന്‍ ബിന്‍ അഹ്മദ് അല്‍സമാഈല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹജി അല്‍മുസല്ലമി, തൃശൂർ ഏറിയാട് സ്വദേശി നൈസാം നൈസാം ചിനികപ്പുറത്ത് സിദ്ദീഖി എന്നിവര്‍ക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിക്കുകയും അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.