ന്യൂദല്‍ഹി: രാജ്യത്തെ പള്ളികള്‍ക്ക്മേൽ ഹിന്ദുത്വവാദികള്‍ അവകാശവാദവുമായെത്തി കേസ് കൊടുക്കുമ്പോള്‍ പള്ളികളുടെ സര്‍വേ അനുവദിച്ച സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരേ മുതിർന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ രംഗത്ത്. കരണ്‍ ഥാപ്പറുമായി ദി വയറിനായി നടത്തിയ അഭിമുഖത്തിലാണ് ദുഷ്യന്ത് ദവെ പൊട്ടിത്തെറിച്ചത്.
“ജസ്റ്റിസ് ചന്ദ്രചൂഡ് ഭരണഘടനയ്ക്കും ഈ രാജ്യത്തിനും വലിയ ദ്രോഹമാണ് ചെയ്തത്. ജസ്റ്റിസ് ചന്ദ്രചൂഡ് ബി.ജെ.പിയുടെ കൈയിലെ കളിപ്പാവയാണ്. ആര്‍ക്കെങ്കിലും വേണ്ടിയാണോ ചന്ദ്രചൂഡ് ഇത് ചെയ്യുന്നതെന്ന ചോദ്യത്തിന് തീര്‍ച്ചയായും അത് ബി.ജെ.പിയ്ക്ക് വേണ്ടിയാണെന്ന് ദുഷ്യന്ത് പറഞ്ഞു. പ്രധാനമന്ത്രിയുടെ കൂടെ നടത്തിയ ആരതിയിലൂടെ ഇത് തെളിയിക്കപ്പെട്ടു. കൂടാതെ അയോധ്യ വിധി തനിക്ക് വെളിപ്പെടുത്തിയത് ദൈവമാണെന്നും ചന്ദ്രചൂഡ് അവകാശപ്പെട്ടിരുന്നു. ഇത് അദ്ദേഹത്തിന്റെ ബി.ജെ.പി ആഭിമുഖ്യത്തെ വ്യക്തമാക്കുന്നു.”
1991ലെ ആരാധനാലയ നിയമം അനുസരിച്ച്, 1947 ഓഗസ്റ്റ് 15ന് ശേഷം ഒരു ആരാധനാലയത്തിന്റെയും മതപരമായ സ്വഭാവത്തില്‍ ഒരു മാറ്റവും അനുവദിക്കുന്നില്ല. ഈ നിയമങ്ങള്‍ക്കെല്ലാം എതിരാണ് ചന്ദ്രചൂഡിന്റെ വിധി. 2019 ലെ അയോധ്യ വിധിയെ ഞാന്‍ അംഗീകരിക്കുന്നില്ലെന്നും ദുഷ്യന്ത് ദവേ പറഞ്ഞു.
അഭിമുഖത്തിന്റെ അവസാനത്തില്‍ ദുഷ്യന്ത് ദവെ പൊട്ടിക്കരഞ്ഞു. ദുഷ്യന്തിന്റെ ശബ്ദം വികാരത്താൽ ഇടറിപ്പോയി. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു- കരണ്‍ ഥാപ്പര്‍ പറഞ്ഞു. “പള്ളികള്‍ക്കെതിരായ വിധികളെ കുറിച്ച് ചിന്തിച്ച് എന്റെ ഉറക്കം നഷ്ടപ്പെടുന്നു. എന്റെ രാജ്യത്തെക്കുറിച്ചോർത്ത് ആശങ്കയുണ്ട്. ഇത് എന്നെ ഇത്രമാത്രം ബാധിക്കുന്നുണ്ടെങ്കിൽ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ എത്രത്തോളം ബാധിക്കുന്നുണ്ടാകും. ഏറെ സങ്കടകരമാണ് രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾ. എന്തുകൊണ്ടാണ് ഈ രാജ്യത്ത് ആരും എഴുന്നേറ്റ് നിന്ന് ഈ വിഡ്ഢിത്തത്തിനെതിരെ പോരാടാത്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല,” ദുഷ്യന്ത് ദവേ പറഞ്ഞു.
സുപ്രിം കോടതി ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ഇന്ത്യയിലെ മുന്‍നിര അഭിഭാഷകരിലൊരാളുമാണ് ദുഷ്യന്ത് ദവെ.