കോഴിക്കോട്– വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനെച്ചൊല്ലി ആശങ്ക ശക്തമാകുന്നു. പോർട്ടലിലെ സാങ്കേതിക തകരാറുകളാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഈ മാസം അഞ്ചിനകം രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് പോർട്ടൽ പ്രവർത്തനരഹിതമായതെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പരാതിപ്പെട്ടു. ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് ആശങ്ക. കേന്ദ്ര സർക്കാർ അവതരിപ്പിച്ച ‘ഉമീദ്’ പോർട്ടലിൽ വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുമോ എന്ന ഭയം മുസ്‌ലിം സംഘടനകൾ പങ്കുവെക്കുന്നു. രജിസ്ട്രേഷൻ സമയം നീട്ടി നൽകണമെന്നും, നിലവിലെ രജിസ്ട്രേഷൻ ചുമതല അതത് സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകളെ ഏൽപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാൽ, സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകൾ നൽകിയ ഹരജി സുപ്രിംകോടതി അംഗീകരിച്ചില്ല. പകരം, ആവശ്യത്തിനായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി നിർദ്ദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



