തിരുവനന്തപുരം: എക്‌സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്താണെന്നും കേരളത്തിൽ ബി.ജെ.പി നേതാക്കൾ പോലും കരുതാത്ത കാര്യമാണ് പ്രവചന വീരന്മാർ നടത്തിയതെന്നും ഇതിൽ വിശ്വാസമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘സി.പി.എം വിലയിരുത്തലനുസരിച്ച് 12 സീറ്റ് ഞങ്ങൾക്കു കിട്ടുമെന്നാണ് നിഗമനം. അതുതന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ആ വിലയിരുത്തലിൽ മാറ്റമില്ല. ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി ജയിക്കില്ല. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ പോലും പ്രതീക്ഷിക്കാത്ത ഫലമാണ് എക്‌സിറ്റ്‌പോളുകാർ പ്രവചിച്ചത്. ഇതിൽനിന്നുതന്നെ എക്‌സിറ്റ് പോളുകൾ എത്രമാത്രം പക്ഷപാതപരമെന്ന് മനസ്സിലാവും. എക്‌സിറ്റ് പോളിൽ വലിയ കാര്യമില്ല. എല്ലാം നാലാം തിയ്യതി കാണാമെന്നു’ എം.വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിൽ യു.ഡി.എഫ് തരംഗം പ്രവചിച്ച സർവേകളിൽ ഒരു എബിപി ന്യൂസിന്റെ സർവേയിൽ, ഇടതുമുന്നണിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും ബി.ജെപിക്ക് ഒന്നുമുതൽ മൂന്നുവരെ സീറ്റുകൾ ലഭിക്കുമെന്നുവരെ പ്രവചിച്ചിട്ടുണ്ട്. യു.ഡി.എഫിന് 17 മുതൽ 19 സീറ്റ് വരെയും എൻ.ഡി.എക്ക് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെയും നേടാൻ സാധ്യതയുണ്ടെന്നാണ് എബിപി ന്യൂസ് പ്രവചിച്ചത്. തൃശൂരിൽ നടനും ബി.ജെ.പി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയുടെ വിജയമാണ് ഈ സർവേയിലുള്ളത്.
എന്നാൽ, ടൈംസ് നൗവിന്റെ എക്‌സിറ്റ് പോൾ ഫലമനുസരിച്ച് എൽ.ഡി.എഫിന് കേരളത്തിൽ നാല് സീറ്റ് ലഭിക്കുമെന്നും യു.ഡി.എഫ് 14 മുതൽ 15 വരെയും എൻ.ഡി.എക്ക് ഒരു സീറ്റും ലഭിക്കുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. തൃശൂരിലാണ് ഇവർ ബി.ജെ.പിക്കു ജയസാധ്യത കൽ്പ്പിച്ചത്.
ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യയുടെ സർവേയനുസരിച്ച് തിരുവനന്തപുരത്ത് എൻ.ഡി.എ രാജീവ് ചന്ദ്രശേഖർ ജയിക്കുമെന്നാണ് ഇന്ത്യ പ്രവചനം. യു.ഡി.എഫ് 17മുതൽ 18 സീറ്റ് വരെയും എൽ.ഡി.എഫ് ഒരു സീറ്റ് വരെയും നേടുമെന്ന് പ്രവചനമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group