തിരുവനന്തപുരം-നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉള്‍പ്പെടെ തോല്‍വിക്ക് കാരണമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതുള്‍പ്പെടെ പരാജയകാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരെഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന സിപിഎം നിലപാട് തള്ളിയാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന.
നിലമ്പൂര്‍ തെരെഞ്ഞെടുപ്പ് ഫലം ഗൗരവമായി തന്നെയാണ് സിപിഐ കാണുന്നത്. പരാജയത്തിന്റെ പാഠം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ രാഷ്ട്രീയത്തിന്റെ എല്ലാ ശരികളേയും മുറുകെ പിടിച്ചാണ് സിപിഐയും ഇടത് ജനാധിപത്യ മുന്നണിയും പഠിക്കുകയെന്നും ബിനോയ് വിശ്വം പറഞ്ഞു. നിലമ്പൂരില്‍ അവതരിപ്പിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് എം.സ്വരാജ് എന്നും പരാജയം സംബന്ധിച്ച് പഠിക്കാനും റിപ്പോര്‍ട്ട് നല്‍കാനും സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ എം സ്വരാജിന് വ്യക്്തിഗതമായ മുന്നേറ്റമുണ്ടാക്കാനായില്ലെന്നും സ്വന്തം ബൂത്തില്‍ പോലും സ്വീകാര്യത ഉണ്ടായില്ലെന്നും സിപിഐ സംസ്ഥാന എക്സിക്യുട്ടീവില്‍ അഭിപ്രായമുയര്‍ന്നു.
മന്ത്രി വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത എംആര്‍ അജിത്കുമാര്‍ പൊലീസ് മേധാവിയാകില്ലെന്നും ബിനോയ് പറഞ്ഞു. സംസ്ഥാനത്തെ ഒരു മന്ത്രി പലവട്ടം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തയാള്‍ അതേസമയം ആര്‍എസ്എസ് നേതാക്കളെ പലവട്ടം കാണാന്‍ സമയമുള്ള ആള് പൊലീസ് മേധാവിയാകാന്‍ സാധ്യതയില്ല. ഇതെല്ലാം അറിയാവുന്ന ഇടതു സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വ്യക്തമായ തീരുമാനമെടുക്കാനുള്ള രാഷ്ട്രീയ കാഴ്ചപ്പാടുണ്ട് എന്നാണ് വിശ്വാസമെന്നും ബിനോയ് വിശ്വം വിശദീകരിച്ചു.