പോര്‍ബന്ദര്‍: 1997ലെ കസ്റ്റഡി മര്‍ദന കേസില്‍ തെളിവുകളില്ലെന്ന് കണ്ടെത്തി ഗുജറാത്ത് മുന്‍ ഐപിഎസ് ഒഫീസര്‍ സഞ്ജീവ് ഭട്ടിനെ കോടതി കുറ്റമുക്തനാക്കി. പോര്‍ബന്ദര്‍ എസ് പി ആയിരിക്കെ സഞ്ജീവ് ഭട്ട് പൊലീസ് കസ്റ്റഡിയിലുള്ള ടാഡ കേസ് പ്രതിയെ കുറ്റസമ്മതിക്കാനായി ക്രൂരമായി മര്‍ദിച്ചു എന്നായിരുന്നു കേസ്. 1997ല്‍ നടന്ന സംഭവത്തില്‍ ഒരു കോടതി ഉത്തരവിനെ തുടര്‍ന്ന് 2013 ഏപ്രില്‍ 15നാണ് പോര്‍ബന്ദര്‍ സിറ്റി ബി ഡിവിഷന്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഈ കേസില്‍ വിശ്വസനീയ തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ ഭട്ടിനെ കുറ്റവിമുക്തനാക്കുന്നതായി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകേഷ് പാണ്ഡ്യ ഉത്തരവിട്ടു. സഞ്ജീവ് ഭട്ട് പ്രതിയെ കുറ്റസമ്മതത്തിന് നിര്‍ബന്ധിച്ചു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. മാത്രവുമല്ല, ഡ്യൂട്ടിയിലിരിക്കുന്ന പൊലീസ് ഓഫീസര്‍ക്കെതിരെ കേസെടുക്കാനുള്ള അനുമതി വാങ്ങിയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സഞ്ജീവ് ഭട്ടിനൊപ്പം കോണ്‍സ്റ്റബിള്‍ വജുഭായ് ചാവുവിനേയും പ്രതിചേര്‍ത്തിരുന്നു. വജുഭായ് മരണപ്പെട്ടതിനാല്‍ അദ്ദേഹത്തിനെതിരായ കേസ് അവസാനിപ്പിച്ചു.
1990ലെ കസ്റ്റഡി മരണ കേസില്‍ ജീവപര്യന്തം ശിക്ഷയും, 1996ല്‍ രാജസ്ഥാനിലെ ഒരു അഭിഭാഷകനെ വ്യാജ മയക്കുമരുന്നു കേസില്‍ ഉള്‍പ്പെടുത്തിയ കേസില്‍ 2024 മാര്‍ച്ചില്‍ 20 വര്‍ഷം തടവിനും ശിക്ഷിക്കപ്പെട്ട സഞ്ജീവ് ഭട്ട് ഇപ്പോള്‍ രാജ്‌കോട്ട് സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിച്ചുവരികയാണ്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കി എന്ന കേസിലും സഞ്ജീവ് ഭട്ടിനെ പ്രതിചേര്‍ത്തിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്, ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ എന്നിവരും ഈ കേസില്‍ കൂട്ടുപ്രതികളാണ്.
മുസ്‌ലിംകളെ കൂട്ടക്കൊലയ്ക്കിരയാക്കിയ 2002ലെ ഗുജറാത്ത് കലാപത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെയാണ് ഗുജറാത്തിലെ ഉന്നത പൊലീസ് ഒഫീസറായിരുന്ന സഞ്ജീവ് ഭട്ട് വാര്‍ത്തകളില്‍ നിറഞ്ഞത്. ഈ സത്യവാങ്മൂലം പിന്നീട് പ്രത്യേക അന്വേഷണ സംഘം തള്ളിയിരുന്നു. 2011ല്‍ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാത്തതിന് 2015ല്‍ ആഭ്യന്തര മന്ത്രാലയം സഞ്ജീവ് ഭട്ടിനെ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ നിന്നും പിരിച്ചിവിടുകയും ചെയ്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്തിയതിനാലാണ് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ സഞ്ജീവ് ഭട്ടിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.