മയാമി- അമേരിക്കയിലെ മയാമി ഹാർഡ് റോക്ക് സ്റ്റേഡിയത്തിന് പുറത്തെ ഗുരുതരമായ സുരക്ഷാ പ്രതിസന്ധിയെ തുടർന്ന് കോപ്പാ അമേരിക്ക ഫുട്ബോളിന്റെ ഫൈനൽ കിക്കോഫ് വൈകും. നിലവിലുള്ള അറിയിപ്പ് പ്രകാരം അര മണിക്കൂർ വൈകി മാത്രമേ കിക്കോഫ് ആരംഭിക്കുകയുള്ളൂ. ടിക്കറ്റ് ഇല്ലാതെ സ്റ്റേഡിയത്തിനകത്തേക്ക് കാണികൾ ഇരച്ചുകയറാൻ ശ്രമിച്ചതാണ് സുരക്ഷാ പ്രതിസന്ധിക്ക് കാരണം. മൈതാനത്തിന്റെ ഗേറ്റ് ഒരുവിഭാഗം ആരാധകർ കയ്യേറി.
നിരവധി കൊളംബിയൻ ആരാധകരാണ് ടിക്കറ്റുകളൊന്നുമില്ലാതെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. ഇവരെ തടയാൻ പോലീസ് ശ്രമിച്ചു. ടിക്കറ്റ് എടുത്ത കാണികളിൽ പലർക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനും സാധിച്ചിട്ടില്ല. സ്റ്റേഡിയത്തിന് പുറത്തെ വലിയ തോതിലുള്ള ഏറ്റുമുട്ടൽ നടന്നു.
പ്രാദേശിക സമയം രാത്രി 8.30 ന് ആരംഭിക്കുന്ന മത്സരം 30 മിനിറ്റ് നേരത്തേക്ക് നീട്ടി വെക്കുകയാണെന്നാണ് ടൂർണമെന്റ് സംഘാടക സമിതി എക്സ് എക്കൗണ്ടിൽ അറിയിച്ചത്. ടിക്കറ്റ് ലഭിക്കാത്ത ആരാധകർ വേദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതാണ് കാലതാമസത്തിന് കാരണമെന്ന് സംഘാടകർ വ്യക്തമാക്കി.
ടിക്കറ്റ് ഇല്ലാത്ത ആളുകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് ദയവായി മനസിലാക്കുക. ടിക്കറ്റ് വാങ്ങിയവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്നും പ്രസ്താവന തുടർന്നു. ആയിരക്കണക്കിന് ആരാധകരാണ് ഗ്രൗണ്ടിന് പുറത്ത് കാത്തുനിൽക്കുന്നത്.