അറ്റ്‌ലാന്റ: ഒരു പന്തിന് പിറകെയല്ല, രണ്ടു പന്തുകൾക്ക് പിന്നാലെയാണ് നാളെ മുതൽ ലോകം ഓടിത്തുടങ്ങുക. പോരാട്ടം കനത്തു തുടങ്ങിയ യൂറോ കപ്പിന് പിന്നാലെ കൊടുങ്കാറ്റുമായി കോപ്പയുമെത്തുന്നു. ലോകത്താകമാനമുള്ള ഫുട്ബോൾ ആരാധകർക്ക് ഫുട്ബോൾ വിരുന്നുമായി യൂറോയും കോപ്പയും.
യൂറോപ്പിലെ ഫുട്‌ബോള്‍ ആവേശത്തില്‍ മുഴുകിയിരിക്കുന്ന ആരാധകര്‍ക്ക് വീണ്ടും മറ്റൊരു ഫുട്‌ബോള്‍ വിരുന്നമായാണ് കോപ്പ അമേരിക്കയും എത്തുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമാവുന്നത്. നിലവില്‍ യൂറോ കപ്പിന്റെ ലഹരിയില്‍ ലോക ഫുട്‌ബോള്‍ പ്രേമികള്‍ പാതി ഉറക്കത്തിലാണ്. എന്നാല്‍ കോപ്പയ്ക്ക് നാളെ കിക്കോഫ് ആവുന്നത് മുതല്‍ ഉറക്കമില്ലാത്ത രാത്രിയാണ് ഫുട്‌ബോള്‍ ഭ്രാന്തന്‍മാര്‍ക്ക് ലഭിക്കുക. അമേരിക്കയിലെ മല്‍സരങ്ങള്‍ മുഴുവന്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെയും സൗദി സമയും രാത്രിയുമായാണ് നടക്കുക. അമേരിക്കയിലെ 12 വേദികളിലായാണ് മല്‍സരം.
കോപ്പ ആരംഭിക്കുന്നതോടെ ഫുട്‌ബോള്‍ ലോകം രണ്ട് ചേരികളിലേക്ക് തിരിയും. ബ്രസീലും അര്‍ജന്റീനയും. കഴിഞ്ഞ കോപ്പയില്‍ ബ്രസീലിനെ പരാജയപ്പെടുത്തി കിരീടം നേടിയ അര്‍ജന്റീനയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഖത്തറില്‍ ലോകകപ്പും നേടി അവര്‍ കുതിക്കുകയാണ്. 2026 ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലും വാമോസ് മുന്നിലാണ്. എന്നാല്‍ ആകെ രണ്ട് ജയങ്ങളുമായി കാനറിപ്പട വളരെ പിന്നിലാണ്. സൂപ്പര്‍ താരം നെയ്മറിന്റെ അഭാവവും ടീമിനെ സാരമായി ബാധിക്കും. കോപ്പയിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കാമെന്നാണ് മഞ്ഞപ്പടയുടെ മോഹം.
യൂറോപ്യൻ ഫുട്‌ബോളില്‍ നിന്നും ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ എക്കാലത്തും വ്യത്യസ്തമാണ്. കളിയുടെ ഭംഗിക്ക് പുറമെ കൈയ്യാങ്കളിക്ക് പേര് കേട്ടതാണ് ലാറ്റിന്‍ അമേരിക്കന്‍ ശൈലി. ലാറ്റിന്‍ അമേരിക്കയിലെ മിക്ക താരങ്ങളും യൂറോപ്പിലെ ലീഗുകളില്‍ കളിക്കുന്നതിനാല്‍ ഒരു പരിധി വരെ കൈയ്യാങ്കളി കുറയുമെന്ന് പ്രതീക്ഷിക്കാം.
കോപ്പയില്‍ 15 തവണ അര്‍ജന്റീന കിരീടം നേടിയിട്ടുണ്ട്. നാല് ടീമുകള്‍ അടങ്ങുന്ന നാല് ഗ്രൂപ്പുകളായിട്ടാണ് പ്രാഥമിക മല്‍സരം. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ നോക്കൗട്ടില്‍ എത്തും. ഗ്രൂപ്പ് എയില്‍ അര്‍ജന്റീനയ്ക്കും കാനഡയ്ക്കും പുറമെ ചിലിയും പെറുവും അണിനിരക്കും.
ഗ്രൂപ്പ് ബിയില്‍ മെക്‌സിക്കോ, ഇക്വഡോര്‍, വെനിസ്വേല, ജമെയ്ക്ക എന്നിവരും ഗ്രൂപ്പ് സിയില്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സ്, ഉറുഗ്വെ, പനാമ, ബൊളീവിയ എന്നിവരും പരസ്പരം കൊമ്പുകോര്‍ക്കും. ഗ്രൂപ്പ് ഡിയിലാണ് കരുത്തരായ ബ്രസീല്‍, കൊളംബിയ, പരാഗ്വെ, കോസ്റ്ററിക്ക എന്നിവര്‍ അണിനിരക്കുന്നത്.
ആതിഥേയരായ അമേരിക്കയില്‍ മെസ്സി പുതിയ ഫുട്‌ബോള്‍ വിപ്ലവത്തിന് തുടക്കമിട്ടിരുന്നു. മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിയ്ക്കായി കളിക്കുന്ന മെസ്സി തന്നെയാണ് അമേരിക്കന്‍ ആരാധകരുടെ ഇഷ്ടതാരവും. ആതിഥേയ രാഷ്ട്രത്തിന്റെ പിന്തുണ കൂടി ലിയോക്ക് ലഭിക്കും.
കഴിവ് കൊണ്ട് പ്രായത്തെ തോല്‍പ്പിച്ച് വീണ്ടും ഒരു കിരീടത്തിനായി ഇറങ്ങുന്ന അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സിയുടെ ഒറ്റയാള്‍ പ്രകടനത്തിന് വേണ്ടിയാണ് ലോകം കോപ്പയെ കാത്തിരിക്കുന്നത്. നിലവിലെ കോപ്പാ ചാംപ്യന്‍മാരും ടൂര്‍ണ്ണമെന്റിലെ ഫേവററ്റുകളും അര്‍ജന്റീന തന്നെയാണ്. ഉദ്ഘാടന ദിവസമായ നാളെ അര്‍ജന്റീന കാനഡയെ നേരിടും. അറ്റ്‌ലാന്റയിലെ മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നാളെ പുലര്‍ച്ചെ 5.30നാണ് മല്‍സരം.
റാങ്കിങില്‍ 49ാം സ്ഥാനത്തുള്ള കാനഡ അര്‍ജന്റീനയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തില്ല. ലോകകപ്പിന് ശേഷം നടന്ന 14 മല്‍സരത്തില്‍ ഒന്നില്‍ മാത്രമാണ് വാമോസ് തോല്‍വി നേരിട്ടത്. ഖത്തറില്‍ ലോകകപ്പ് നേടിയ താരങ്ങളെല്ലാം അര്‍ജന്റീനന്‍ സ്‌ക്വാഡില്‍ ഉണ്ട്. മുന്നേറ്റത്തില്‍ മെസ്സിക്കൊപ്പം ജൂലിയാന്‍ അല്‍വാരസും മാര്‍ട്ടിന്‍സും ഇറങ്ങും. മധ്യനിരയില്‍ ഏയ്ഞ്ചല്‍ ഡി മരിയ, റൊഡ്രിഗോ ഡീ പോള്‍, ലിയാന്‍ഡ്രോ പരേഡസ് എന്നിവര്‍ക്കൊപ്പം അലക്സ്സിസ് മക് അലിസ്റ്ററോ എന്‍സോ ഫെര്‍ണാണ്ടസോ ഉണ്ടാവും പ്രതിരോധത്തില്‍ നഹ്വേല്‍ മൊളിന, ക്രിസ്റ്റിയന്‍ റൊമേറോ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ലിസാന്‍ഡ്രോ, മാര്‍ട്ടിന്‍സ്, നിക്കോളസ് ഒട്ടമെന്‍ഡി എന്നിവരും ഉണ്ടാവും.