തിരുവനന്തപുരം– തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ പോലീസിനുള്ളിൽ തന്നെയുള്ള ഗൂഢാലോചനയാണെന്ന് എഡിജിപി എം ആര്‍ അജിത് കുമാർ. വിജിലൻസ് അന്വേഷണ സംഘത്തിന് അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അജിത് കുമാർ നൽകിയ മൊഴിയിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. തനിക്കെതിരെ വ്യാജരേഖകള്‍ ചമച്ചത് പോലീസിനുള്ളില്‍ നിന്നു തന്നെയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അജിത് കുമാര്‍ ആവശ്യപ്പെട്ടു.
കവടിയാറില്‍ വീട് നിര്‍മ്മിച്ച ഭൂമി തന്റെ ഭാര്യയുടെ പിതാവ് വർഷങ്ങൾക്ക് മുമ്പ് ഭാര്യക്ക് നൽകിയതാണെന്നും അനധികൃതമായി സമ്പാദിച്ചതല്ലെന്നും അജിത് കുമാർ മൊഴി നൽകിയിട്ടുണ്ട്. തന്റെ സ്ഥാനക്കയറ്റം ഇഷ്ട്ടപ്പെടാത്ത ചില പോലീസുകാരും പി വി അൻവറും കൂടെയുള്ള ഗൂഡാലോചനയെത്തുടർന്നാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയർന്നതെന്നും അജിത് കുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചതനുസരിച്ച് താൻ നേരിട്ട് പി വി അൻവറിനെ ചെന്ന് കണ്ടിരുന്നുവെന്നും അദ്ദേഹം മൊഴിയിൽ വ്യക്തമാക്കുന്നു.
അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നൽകിക്കൊണ്ടുള്ള വിജിലൻസിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി തള്ളിയിരുന്നു. വിജിലന്‍സ് കൃത്യമായ പരിശോധന നടത്തിയിട്ടില്ലെന്നും തെളിവുകള്‍ കണക്കിലെടുക്കാതെയുള്ള റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.