മുംബൈ- മഹാരാഷ്ട്ര നിയമസഭയിലെ എം.എൻ.സി തെരഞ്ഞെടുപ്പിൽ ഏഴ് കോൺഗ്രസ് എം.എൽ.എമാർ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി ക്രോസ് വോട്ട് ചെയ്തതായി സൂചന. മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിൽ 30 സീറ്റുകളും നേടിയ മഹാ അഘാഡി സഖ്യത്തിന് ആശങ്ക നൽകുന്നതാണ് ക്രോസ് വോട്ട്. പതിനൊന്ന് സീറ്റുകളിലേക്ക് 12 സ്ഥാനാർഥികളാണ് മത്സരിച്ചിരുന്നത്. അടുത്ത നവംബറിൽ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ക്രോസ് വോട്ട് സംഭവിച്ചിരിക്കുന്നത്.
ഭരണസഖ്യത്തിലെ എം.എൽ.എ.മാരുടെ ക്രോസ് വോട്ടിംഗിൽ നിന്ന് നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് തിരഞ്ഞെടുക്കാനുള്ള സംഖ്യയേക്കാൾ ഒരു സ്ഥാനാർത്ഥിയെ കൂടുതൽ നിർത്തി പ്രതിപക്ഷ സഖ്യം തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. എന്നാൽ, പകരം വോട്ടുകൾ നഷ്‌ടപ്പെടുകയായിരുന്നു.
മഹാരാഷ്ട്ര നിയമസഭയിൽ 288 എംഎൽഎമാരുടെ അംഗബലമുണ്ടെങ്കിലും നിലവിൽ 274 സിറ്റിങ് എംഎൽഎമാരാണുള്ളത്. ഓരോ എംഎൽസി സ്ഥാനാർത്ഥിക്കും വിജയിക്കാൻ 23 ആദ്യവോട്ടുകൾ നേടണം.
ബി.ജെ.പി.യും ശിവസേനയുടെ ഏകനാഥ് ഷിൻഡെ വിഭാഗവും എൻ.സി.പി.യുടെ അജിത് പവാർ വിഭാഗവും അടങ്ങുന്ന എൻ.ഡി.എ സഖ്യം ഒൻപത് സ്ഥാനാർഥികളെയാണ് നിർത്തിയിരുന്നത്. സ്വതന്ത്രരും ചെറുകക്ഷികളും ഉൾപ്പെടെ 201 എം.എൽ.എ.മാരുടെ പിന്തുണയാണ് ഈ സഖ്യത്തിനുള്ളത്.
ഇന്ത്യാ മുന്നണിയുടെ കീഴിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തിൽ കോൺഗ്രസ്, ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ), എൻസിപി (ശരദ്ചന്ദ്ര പവാർ) എന്നീ പാർട്ടികളാണുള്ളത്. ഈ സഖ്യത്തിന് 67 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. മൂന്നു സ്ഥാനാർത്ഥികളെയാണ് സഖ്യം നിർത്തിയത്. ഒരു സ്വതന്ത്രൻ ഉൾപ്പെടെ ആറ് എംഎൽഎമാർ നിഷ്പക്ഷത പാലിച്ചു.
അജിത് പവാർ (എൻ.സി.പി) ഗ്രൂപ്പിലെ ചില നേതാക്കൾ ശരദ് പവാർ വിഭാഗവുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ സ്ഥാനാർഥികളെ നിർത്തിയത്.
ശരദ് പവാർ വിഭാഗത്തിൻ്റെ പിന്തുണയുള്ള സ്ഥാനാർത്ഥി പെസൻ്റ്സ് ആന്റ് വർക്കേഴ്സ് പാർട്ടിയുടെ ജയന്ത് പാട്ടീൽ വേണ്ടത്ര വോട്ട് ലഭിക്കാത്തതിനാൽ പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥിയും ശിവസേന (യു.ബി.ടി) സ്ഥാനാർത്ഥിയും വിജയിച്ചു, ബിജെപിയിൽ നിന്ന് അഞ്ച് പേരും ഷിൻഡെ ശിവസേനയുടെയും അജിത് പവാറിൻ്റെയും എൻസിപിയിൽ നിന്ന് രണ്ട് വീതം സ്ഥാനാർഥികളും വിജയിച്ചു.
37 എം.എൽ.എമാരുള്ള കോൺഗ്രസ് 30 ഒന്നാം മുൻഗണനാ വോട്ടുകൾ തങ്ങളുടെ സ്ഥാനാർഥി പ്രദീന സതവിന് ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. ഏഴ് വോട്ടുകൾ ശിവസേന യു.ബി.ടിയുടെ മിലിന്ദ് നർവേക്കറിനായിരുന്നു.
സതവിന് 25 ഒന്നാം മുൻഗണനാ വോട്ടുകളും നർവേക്കറിന് 22 ഉം ലഭിച്ചു, അതായത് ഏഴ് കോൺഗ്രസ് എംഎൽഎമാരെങ്കിലും ക്രോസ് വോട്ട് ചെയ്തുവെന്നാണ് കരുതുന്നത്.