സംഭാൽ(യു.പി): ഉത്തർപ്രദേശിലെ ഷാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവിനെ തുടർന്ന് പോലീസ് നടത്തിയ സർവേ അക്രമാസക്തമായതിനെ തുടർന്ന് മൂന്നു പേർ കൊല്ലപ്പെട്ടു. മുഗൾ കാലഘട്ടത്തിൽ ക്ഷേത്രം പൊളിച്ചാണ് യു.പിയിലെ സംഭാലിൽ ജുമാ മസ്ജിദ് നിർമ്മിച്ചത് എന്ന് ആരോപിച്ച് ഒരു വിഭാഗം കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കോടതി സർവ്വേക്ക് ഉത്തരവിട്ടത്.
അഡ്വക്കേറ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സർവേ സംഘം സ്ഥലത്തെത്തിയതോടെ പ്രതിഷേധവുമായി നാട്ടുകാരും തടിച്ചുകൂടി. മസ്ജിദിൽ പ്രവേശിക്കുന്നതിൽ നിന്ന് പോലീസിനെ തടയാൻ ശ്രമിച്ച ആയിരത്തോളം പേരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രകോപിതരായ ആൾക്കൂട്ടം പത്തിലധികം വാഹനങ്ങൾക്ക് തീയിട്ടു. തുടർന്നുണ്ടായ സംഘർഷത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
ബിലാൽ അൻസാരി, നയീം അഹമ്മദ്, നുഅ്മാൻ എന്നിവരാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. വെടിയേറ്റാണ് കൊല്ലപ്പെട്ടത് എന്ന് പ്രതിഷേധക്കാർ പറഞ്ഞെങ്കിലും വിശദമായ പരിശോധനക്ക് ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂവെന്നാണ് പോലീസ് പറയുന്നത്.
മസ്ജിദ് ഇപ്പോൾ നിൽക്കുന്നിടത്ത് ഒരു ക്ഷേത്രം നിലനിന്നിരുന്നുവെന്ന് അവകാശപ്പെട്ടാണ് ഒരു സംഘം കോടതിയെ സമീപിച്ചത്. 1529-ൽ മുഗൾ ചക്രവർത്തിയായ ബാബർ ക്ഷേത്രം നശിപ്പിച്ചതായി “ബാബർനാമ”, “ഐൻ-ഇ-അക്ബരി” തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഹർജിക്കാർ വാദിക്കുന്നു. 1991-ലെ ആരാധനാലയ നിയമം അനുശാസിക്കുന്ന നീതിയും മതസ്ഥലങ്ങളുടെ പവിത്രതയെ ലംഘിക്കുന്ന നടപടിയാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ കസ്റ്റഡിയിലെടുത്തതായി ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെസിയ കൂട്ടിച്ചേർത്തു. അക്രമണങ്ങൾക്കിടയിലും ഉദ്യോഗസ്ഥർ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സർവേ പൂർത്തിയാക്കി.നവംബർ 29 ന് കമ്മീഷൻ അതിൻ്റെ കണ്ടെത്തലുകൾ കോടതിയിൽ സമർപ്പിക്കുമെന്ന് സംഭാൽ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു.