ജിദ്ദ – സ്വകാര്യ മേഖലാ തൊഴിലാളികളുടെ പ്രൊബേഷന്‍ കാലയളവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഒരേ തൊഴിലുടമയുടെ അടുത്ത് തൊഴിലാളിയെ ഒന്നില്‍ കൂടുതല്‍ തവണ പ്രൊബേഷനില്‍ നിയമിക്കാന്‍ പാടില്ലെന്ന് മന്ത്രാലയം പറഞ്ഞു. തൊഴിലാളിയും തൊഴിലുടമയും രേഖാമൂലം ഒപ്പുവെക്കുന്ന കരാര്‍ പ്രകാരം തൊഴിലാളിക്ക് ഒരിക്കല്‍ കൂടി പ്രൊബേഷന്‍ കാലം നല്‍കാവുന്നതാണ്. ഇങ്ങിനെ രണ്ടാമതും തൊഴിലാളിയെ പ്രൊബേഷനില്‍ നിയമിക്കുന്നത് മറ്റൊരു പ്രൊഫഷനിലോ ജോലിയിലോ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. അതല്ലെങ്കില്‍ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം അവസാനിച്ച് ആറു മാസത്തില്‍ കുറയാത്ത കാലം പിന്നിട്ടിരിക്കണം.
പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിക്കാന്‍ തൊഴിലാളിയും തൊഴിലുടമയും പരസ്പര ധാരണയിലെത്തുന്ന പക്ഷം തൊഴില്‍ കരാര്‍ നടപ്പാക്കിയ ശേഷവും പ്രൊബേഷന്‍ കാലയളവ് സാധുത ഉള്ളപ്പോഴുമായിരിക്കണം ഇങ്ങിനെ ചെയ്യേണ്ടത്. പ്രൊബേഷന്‍ കാലയളവ് ഒറ്റത്തവണ ദീര്‍ഘിപ്പിക്കാനാണ് അനുമതിയുള്ളത്. പലതവണ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിക്കുന്ന പക്ഷം ഓരോ തവണയും ഇക്കാര്യത്തില്‍ വേറിട്ട കരാറുകള്‍ ഒപ്പുവെക്കല്‍ നിര്‍ബന്ധമാണ്. എല്ലാ സാഹചര്യങ്ങളിലും ആകെ പ്രൊബേഷന്‍ കാലയളവ് 180 ദിവസത്തില്‍ കവിയാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.
പ്രൊബേഷന്‍ കാലയളവില്‍ തൊഴിലാളിയോ തൊഴിലുടമയോ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന പക്ഷം ഒരു കക്ഷിക്കും നഷ്ടപരിഹാരത്തിന് അവകാശമില്ല. ഇങ്ങിനെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിന് തൊഴിലാളിക്ക് സര്‍വീസ് ആനുകൂല്യത്തിനും അവകാശമില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.