ജിദ്ദ – എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും മുഴുവന്‍ പൊതുരേഖകളിലും സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പന്നങ്ങളുടെയും വില പരാമര്‍ശിക്കുന്നിടത്തെല്ലാം സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ സൗദി റിയാല്‍ ചിഹ്നം ഉപയോഗിക്കണമെന്ന് വാണിജ്യമന്ത്രാലയം നിർദ്ദേശിച്ചു. സൗദി സെന്‍ട്രല്‍ ബാങ്കിന്റെ വെബ്സൈറ്റിലെ അംഗീകൃത ഫോര്‍മുല അനുസരിച്ചായിരിക്കണം ചിഹ്നം ഉപയോഗിക്കേണ്ടതെന്നും വാണിജ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. സൗദി റിയാലിന്റെ ചിഹ്നത്തിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയിട്ടുണ്ട്. ദേശീയ സ്വത്വത്തിലും സാംസ്‌കാരിക ബന്ധത്തിലും അഭിമാനം വളര്‍ത്തുന്നതില്‍ സൗദി റിയാല്‍ ചിഹ്നത്തിന് പങ്കുണ്ട്.

റിയാല്‍ ചിഹ്നം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ സൗദി സെന്‍ട്രല്‍ ബാങ്ക് പുറപ്പെടുവിച്ചു. ചിഹ്നത്തിന്റെ സാങ്കേതിക മാനദണ്ഡങ്ങള്‍, സാങ്കേതിക സവിശേഷതകള്‍, ഉപയോഗങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സൗദി റിയാല്‍ ചിഹ്നവുമായി ബന്ധപ്പെട്ട എട്ടു മാനദണ്ഡങ്ങളും വ്യവസ്ഥകളും കര്‍ശനമായി പാലിക്കണമെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു. ഏതു ഭാഷകളില്‍ ഉപയോഗിക്കുമ്പോഴും റിയാല്‍ ചിഹ്നം സംഖ്യയുടെ ഇടതുവശത്താണ് ഉപയോഗിക്കേണ്ടത്. സംഖ്യക്കും റിയാല്‍ ചിഹ്നത്തിനും ഇടയില്‍ അകലം കാത്തുസൂക്ഷിക്കണം.