ജിദ്ദ – യെമനില്‍ അസ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സഖ്യസേന. ലഹജ് ഗവര്‍ണറേറ്റിലെ ജഅ്‌വലയില്‍ ജയന്റ്‌സ് ഫോഴ്സ് സെക്കന്‍ഡ് ബ്രിഗേഡ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹംദി ശുക്‌രിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി ശക്തമായി അപലപിച്ചു. നിരപരാധികളുടെ മരണത്തിനിടയാക്കിയ ഇത്തരത്തിലുള്ള ഭീരുത്വപരമായ അട്ടിമറി ശ്രമങ്ങളെയും ഭീകരപ്രവര്‍ത്തനങ്ങളെയും ‘ഉരുക്കുമുഷ്ടി’ ഉപയോഗിച്ച് നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൂത്തി മിലീഷ്യകളില്‍ നിന്ന് സ്വതന്ത്രമാക്കിയ പ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ യെമന്‍ സര്‍ക്കാരുമായും സൈനിക വിഭാഗങ്ങളുമായും ചേര്‍ന്ന് സഖ്യസേന പ്രവര്‍ത്തിക്കുമെന്നും, ഭിന്നതകള്‍ മറന്ന് എല്ലാവരും ഐക്യത്തോടെ നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഭീകരവാദത്തിന്റെ സാമ്പത്തികവും പ്രത്യയശാസ്ത്രപരവുമായ ഉറവിടങ്ങള്‍ ഇല്ലാതാക്കാന്‍ അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള യെമന്‍ സുരക്ഷാ വകുപ്പുകളുടെ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചു.


അതേസമയം, യെമനിലെ ഊര്‍ജപ്രതിസന്ധി പരിഹരിക്കുന്നതിനായി 70-ലേറെ വൈദ്യുതി നിലയങ്ങളിലേക്ക് ഇന്ധനം എത്തിക്കുന്നതിനുള്ള സുപ്രധാന കരാറില്‍ സൗദി അറേബ്യ ഒപ്പുവെച്ചു. യെമന്‍ മന്ത്രാലയങ്ങളും സൗദി വികസന-പുനര്‍നിര്‍മ്മാണ പ്രോഗ്രാമും (SDRPY) ചേര്‍ന്ന് ഒപ്പുവെച്ച ത്രികക്ഷി കരാറിലൂടെ 8.12 കോടി ഡോളര്‍ മൂല്യമുള്ള 33.9 കോടി ലിറ്റര്‍ ഡീസലാണ് ലഭ്യമാക്കുക. പെട്രോമസില വഴി ഇന്ധനം വാങ്ങി നല്‍കുന്ന ഈ പദ്ധതിയിലൂടെ ആശുപത്രികള്‍, സ്‌കൂളുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ പൊതുസേവന കേന്ദ്രങ്ങളിലെ വൈദ്യുതി വിതരണം സുഗമമാക്കാനും സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കാനും ലക്ഷ്യമിടുന്നു. വിതരണത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ പ്രത്യേക മേല്‍നോട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സാമ്പത്തിക സഹായം യെമന്‍ സെന്‍ട്രല്‍ ബാങ്കിന്റെ വിദേശ കറന്‍സി കരുതല്‍ ശേഖരത്തിന് കരുത്തേകുകയും ഗവണ്‍മെന്റിന്റെ ബജറ്റ് ഭാരം കുറയ്ക്കുകയും ചെയ്യും. 2018 മുതല്‍ വിവിധ ഘട്ടങ്ങളിലായി കോടിക്കണക്കിന് ഡോളറിന്റെ ഇന്ധനസഹായം സൗദി അറേബ്യ യെമന് നല്‍കിവരുന്നുണ്ട്.



