തിരുവനന്തപുരം– സംസ്ഥാനത്ത് പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുനഃപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തിൽ ഏഴംഗ മന്ത്രിസഭ ഉപസമിതി രൂപവത്കരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, റോഷി അഗസ്റ്റിന്‍, പി. രാജീവ്, എ.കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരാണ് സമിതി അംഗങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിർത്തിവെക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അക്കാര്യം കേന്ദ്രസര്‍ക്കാരിനെ കത്തുമുഖേന അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് സാമൂഹികക്ഷേമ പെൻഷനുകൾ ഉയർത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 1600 രൂപയിൽ നിന്ന് 2000 രൂപയാക്കിയാണ് പെൻഷനുകൾ ഉയർത്തിയത്. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്കായി പ്രത്യേക പെൻഷൻ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ ഒരു സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടേയും കീഴിൽ വരാത്ത പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്കാണ് പെൻഷൻ നൽകുക. 35 മുതൽ 60 വയസുവരെ പ്രായമുള്ള സ്ത്രീകൾക്കാണ് ലഭിക്കുക. 1000 രൂപ പെൻഷൻ നൽകുന്നതാണ് പദ്ധതി. ഇതിനായി 3800 കോടി രൂപയായിരിക്കും സർക്കാർ ചെലവിടുക.



