കണ്ണൂര്‍- നല്ലത് അതേ നിലയ്ക്ക് നില്‍ക്കാന്‍ പാടില്ലെന്ന് സമൂഹത്തില്‍ ചിലര്‍ക്ക് താല്‍പര്യമുണ്ടെന്നും നിര്‍ഭാഗ്യവശാല്‍, വാര്‍ത്തകള്‍ കൊടുക്കേണ്ട മാധ്യമങ്ങളാണ് ഇപ്പോള്‍ അതിന് മുന്‍കൈ എടുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ക്ക് ന്യൂസ് അവതരിപ്പിക്കാനല്ല, വ്യൂസ് അവതരിപ്പിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലകളുടെ മേഖലാതല അവലോകന യോഗത്തില്‍ സംസാരിക്കവെ വ്യക്തമാക്കി. കേരളത്തിനകത്തും പുറത്തും പരക്കേ അംഗീകാരമുള്ളതാണ് നമ്മുടെ ആരോഗ്യ സംവിധാനം. നേരത്തെയുള്ളതുമായി താരതമ്യപ്പെടുത്തിയാല്‍ മികച്ച അഭിവൃദ്ധിയുണ്ടായിട്ടുണ്ട്. അത് യാദൃച്ഛികമായി ഉണ്ടായതല്ല, ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമാണ്. ആര്യോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതവും നല്ല തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ കേരളത്തില്‍ കാണാന്‍ കഴിയുന്നത്. മെഡിക്കല്‍ കോളജുകളൊക്കെ നല്ല രീതിയില്‍ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു എന്നതാണ് പൊതു അഭിപ്രായം. പക്ഷേ, തെറ്റായ ഒരു ചിത്രം അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബോധപൂര്‍വ്വം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയാണ്. കേരളത്തില്‍ പൊതുവേ റോഡ് മെച്ചപ്പെട്ടതാണ്. വരില്ലെന്ന് കണക്കാക്കിയ ദേശീയപാത യാഥാര്‍ഥ്യമാവുന്നു. വളരെ ദൈര്‍ഘ്യമേറിയ റോഡില്‍ ചിലയിടത്ത് ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി, റോഡ് പരിശോധിക്കാന്‍ ചില മാധ്യമങ്ങള്‍ പുറപ്പെടുകയാണ്. ഒരു പ്രമുഖ മാധ്യമം അതിനായി പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഓരോ മേഖലയിലും ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രത്യേക ടീമിനെ നിയോഗിക്കുകയാണ്. ഇത് എല്ലാവരും ജാഗ്രതയോടെ കാണേണ്ടതുണ്ട്. നെഗറ്റീവായ കാര്യങ്ങള്‍ വലിയ തോതില്‍ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം നടക്കുന്നുണ്ട്. ജോലിയോടുള്ള ആത്മാര്‍ഥതയുടെ ഭാഗമായി ഏതെങ്കിലും തരത്തില്‍ കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കിടുന്ന അവസ്ഥ വന്നാല്‍ അതും തെറ്റായി ചിത്രീകരിക്കപ്പെടുകയാണ്-മുഖ്യമന്ത്രി പറഞ്ഞു.