റിയാദ്- സൗദിയിൽ കള്ളപ്പണം വെളുപ്പിക്കലും സാമ്പത്തിക തിരിമറിയുമായും ബന്ധപ്പെട്ട് ഒരു പ്രവാസിയെയും മൂന്നു സൗദി പൗരന്മാരെയും അറസ്റ്റ് ചെയ്തു. 200 മില്യൺ റിയാലിന്റെ പണം വെളുപ്പിക്കൽ തട്ടിപ്പാണ് ഇവർ നടത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ബിനാമി ഇടപാട്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
ഇവരെ ബന്ധപ്പെട്ട കോടതിയിലേക്ക് റഫർ ചെയ്തതായി അധികൃതർ അറിയിച്ചു. സൗദി സ്വദേശിയായ വനിതയടക്കം മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്. സൗദി വനിത തുടങ്ങിയ സ്ഥാപനം പിന്നീട് ഭർത്താവിന് കൈമാറുകയും ആ സ്ഥാപനവും അതിന്റെ ബാങ്ക് ഇടപാടുകളും കൈകാര്യം ചെയ്യാൻ പ്രവാസിയെ നിയോഗിക്കുകയുമായിരുന്നു. ഇതിന് മറ്റൊരു സൗദി പൗരനും ആവശ്യമായ സഹായങ്ങൾ നൽകി. 200 മില്യൺ റിയാലധികം വരുന്ന സാമ്പത്തിക ഇടപാടുകളാണ് ഈ എക്കൗണ്ട് വഴി നടന്നത്.
ബാങ്ക് എക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ വൻ ക്രമക്കേടുകൾ നടന്നതായും കണ്ടെത്തി. കയറ്റുമതി ചെയ്യാതെ സാധനങ്ങളുടെ രസീതികൾ വ്യാജമായി ഉണ്ടാക്കുകയും ഡെലിവെറി രേഖകൾ അടക്കമുള്ള അനുബന്ധ രസീതികൾ നിർമ്മിക്കുകയും ചെയ്തു.
ദേശീയ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന കുറ്റകരമായ പെരുമാറ്റമാണ് നടത്തിയതെന്നും ഇതിനെതിരെ കർശനമായ ശിക്ഷാ നടപടികളുണ്ടാകുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.