ജിദ്ദ – പെരുന്നാളിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സൗദിയിൽ ചോക്കലേറ്റ് കടകളിൽ വൻ തിരക്ക്. പെരുന്നാളാഘോഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഉപയോക്താക്കള്‍ ചോക്കലേറ്റ് കടകളില്‍ ഒഴുകിയെത്തുകയാണ്. റമദാനില്‍ ആദ്യത്തെ മൂന്നു വാരങ്ങളില്‍നിന്ന് വ്യത്യസ്തമായി ചോക്കലേറ്റ് കടകളില്‍ ഏതാനും ദിവസങ്ങളായി നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പെരുന്നാൾ രാവായ ഇന്ന് ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുന്നത്.
പെരുന്നാളില്‍ വ്യത്യസ്ത രുചിഭേദങ്ങള്‍ തേടിയുള്ള ഉപഭോക്താക്കളുടെ യാത്ര അവസാനിക്കുന്നത് ചോക്കലേറ്റ് കടകളിലാണ്. പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ ഉല്‍പന്നങ്ങളുടെ വൈവിധ്യത്തിന് പുറമെ, വില്‍പന വര്‍ധിപ്പിക്കാനും കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനും സഹായിക്കുന്ന പ്രത്യേക ഈദുല്‍ഫിത്ര്‍ പ്രമോഷനുകള്‍ വിവിധ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ കണക്കനുസരിച്ച് 2024 ല്‍ സൗദി അറേബ്യ 12.3 കോടിയിലേറെ കിലോ ചോക്കലേറ്റ് ഇറക്കുമതി ചെയ്തു. ചോക്കലേറ്റിനുള്ള വര്‍ധിച്ചുവരുന്ന ആവശ്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ചോക്കലേറ്റ് ഒരു നിത്യോപയോഗ വസ്തു എന്ന തരത്തിലേക്ക് മാറിയതായും വൻ ആവശ്യക്കാരാണ് ഉള്ളതെന്നും സൗദിയിലെ പ്രമുഖ സ്ഥാപനമായ അൽ ഹർബി സ്റ്റോർസ് മാനജിംഗ് ഡയറക്ടർ അബ്ദുൽ സലീം ദ മലയാളം ന്യൂസിനോട് പറഞ്ഞു. നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളുടെ ലഗേജുകളിൽ ഏഴുപത് ശതമാനത്തിലേറെയും ചോക്കലേറ്റ് വിഭവങ്ങളായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ, സൗദിയിൽ താമസിക്കുന്നവരും ദിവസവും വലിയ അളവിൽ ചോക്കലേറ്റ് വാങ്ങുന്നുണ്ട്. വിപണിയിൽ വലിയ ഉണർവാണ് രേഖപ്പെടുത്തുന്നതെന്നും അബ്ദുൽ സലീം പറഞ്ഞു.
ഇറക്കുമതി ചെയ്തതും പ്രാദേശികമായി നിര്‍മിച്ചതുമായ വൈവിധ്യമാര്‍ന്ന മിഠായികളും ചോക്കലേറ്റുകളും കടകളില്‍ ലഭ്യമാണ്. ഈദ് ആഘോഷങ്ങളുടെ അനിവാര്യ ഭാഗമായതിനാല്‍ ചോക്കലേറ്റുകൾ വലിയ തോതിലാണ് ഉപഭോക്താക്കൾ വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യമാര്‍ന്ന രുചിഭേദങ്ങള്‍ നിറവേറ്റാനായി ഏറ്റവും പുതിയ ഡിസൈനുകളും ഇനങ്ങളും നല്‍കാന്‍ കട ഉടമകള്‍ ശ്രദ്ധിക്കുന്നു. നിര്‍മിച്ച രാജ്യം, പാക്കേജിംഗ് ഗുണനിലവാരം, പേക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളുടെ ഇനം എന്നിവ വിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.
കിലോഗ്രാമിന് 30 മുതല്‍ 150 റിയാല്‍ വരെയാണ് പ്രാദേശിക മിഠായിളുടെ വില. വര്‍ണാഭവും വ്യത്യസ്ത രുചികളുമുള്ള മിഠായികള്‍, ടോഫി, ബിസ്‌ക്കറ്റുകള്‍, വിവിധ രൂപത്തിലുള്ള ചോക്കലേറ്റുകള്‍ തുടങ്ങി വിവിധ ഇനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സമൃദ്ധമായ ഉല്‍പാദനവും താരതമ്യേന കുറഞ്ഞ ഉല്‍പാദനച്ചെലവുമാണ് ഇതിന്റെ വില സ്ഥിരതക്ക് കാരണം. ഇറക്കുമതി ചെയ്യുന്ന മിഠായികള്‍ക്ക് വില കൂടുതലാണ്. യൂറോപ്യന്‍, കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള മിഠായികള്‍ക്കാണ് കൂടുതല്‍ വില. പ്രത്യേക ഫില്ലിംഗുകളുള്ള ഒരു കിലോഗ്രാം ചോക്കലേറ്റിന് 300 റിയാല്‍ വരെ വിലയുണ്ട്.