ബീജിംഗ്– പുതിയ വൈറസ് പടരുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് ചൈന വ്യക്തമാക്കി. വടക്കൻ പ്രവിശ്യകളിലെ ചില സ്ഥലങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യുന്ന അണുബാധ ശൈത്യകാലത്ത് സാധാരണമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വടക്കൻ പ്രവിശ്യകളിലെ 14 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് വൈറസ് ബാധിക്കുന്നത്. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) എന്നാണ് വൈറസിനെ വിളിക്കുന്നത്. ഇത് നേരിയ ജലദോഷം പോലുള്ള ലക്ഷണങ്ങളുണ്ടാക്കുന്ന ഒരു സാധാരണ ശ്വസന വൈറസാണ്. ചൈനയിൽ മഹാമാരിക്ക് കാരണമായേക്കാവുന്ന വൈറസ് ബാധകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ശ്വാസകോശ സംബന്ധമായ അണുബാധകൾ വർദ്ധിക്കുന്നുണ്ടെങ്കിലും, ഇത് ഒരു പുതിയ മഹാമാരിയുടെ സൂചനകളല്ലെന്നാണ് ചൈന വ്യക്തമാക്കുന്നത്. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ അത്രയും രോഗബാധ ഇക്കുറിയില്ലെന്നും ചൈനീസ് അധികൃതർ അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് രോഗങ്ങളുടെ തീവ്രത കുറവാണെന്നും ചെറിയ തോതിൽ പടരുന്നതായും അവർ കൂട്ടിച്ചേർത്തു. ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ആർക്കാണ് അപകടസാധ്യത?
പ്രചരിക്കുന്ന തരത്തിലുള്ള റിപ്പോർട്ട് ശരിയാണെങ്കിൽ എച്ച്.എം.പി.വി വൈറസ് ആർക്കൊക്കെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്ന് നോക്കാം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, പ്രത്യേകിച്ച് ശിശുക്കൾ, പ്രതിരോധ ശേഷി കുറഞ്ഞ 65 വയസ്സിന് മുകളിലുള്ളവർ, ദുർബലമായ രോഗപ്രതിരോധ ശേഷി അല്ലെങ്കിൽ ആസ്ത്മ, സിഒപിഡി പോലുള്ള വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അവസ്ഥകൾ ഉള്ള വ്യക്തികൾ എന്നിവർക്ക് അപകടസാധ്യത കൂടുതലാണ്.
എങ്ങനെയാണ് പടരുന്നത്?
ചുമ, തുമ്മൽ, അടുത്ത സമ്പർക്കം, മലിനമായ പ്രതലങ്ങൾ, വായ, മൂക്ക് അല്ലെങ്കിൽ കണ്ണുകൾ എന്നിവയിൽ തൊടുന്നത് വഴിയും പടരുന്നു. മിതശീതോഷ്ണ പ്രദേശങ്ങളിൽ ശൈത്യകാലത്തിൻ്റെ അവസാനത്തിലും വസന്തകാലത്തും ഇവ പടരാറുണ്ട്.
അതേസമയം, ചൈനയിൽനിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രായമാവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശിച്ചു.