കണ്ണൂർ – അംഗൻവാടിയിൽ നിന്നു നൽകിയതിളച്ച പാൽ കുടിച്ച്, സംസാരശേഷിയില്ലാത്ത കുട്ടിക്ക് ഗുരുതര പൊള്ളലേറ്റു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിണറായി കോളാട് അങ്കണവാടി വിദ്യാർഥി ബിസ്മില്ലയിൽ മുഹമ്മദ് ഷിയാനാണ് പൊള്ളലേറ്റത്. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ഷിയാൻ. കെ. ഷാനജിൻ്റെയും സി.കെ. ജസാനയുടെയും മകനാണ്. കീഴ്ത്താടിയിലും ചുണ്ടിലും വായ്ക്കുള്ളിലും പൊള്ളലുണ്ട്.
രാവിലെ 10-ന് കുട്ടിയെ അങ്കണവാടിയിൽ വിട്ടശേഷം വീട്ടിൽ തിരിച്ചെത്തി കുറച്ചുസമയം കഴിയുമ്പോഴേക്കും കുട്ടിയുടെ മാതാവിനെ അധ്യാപിക അപകടവിവരം വിളിച്ചറിയിക്കുകയായിരുന്നു.
ആദ്യം പിണറായി സാമൂഹികാരോഗ്യകേന്ദ്രത്തിലും തലശ്ശേരി ഗവ. ആശുപത്രിയിലും ചികിത്സതേടിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആയയുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പിണറായി പോലീസും ചൈൽഡ് ലൈനും അന്വേഷണം തുടങ്ങി.