കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയെയും വയനാട്ടിലെ മേപ്പാടിയെയും ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ ആദ്യ പാറ പൊട്ടിക്കലിന്റെ (ഫസ്റ്റ് ബ്ലാസ്റ്റ്) സ്വിച്ച് ഓൺ കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കിഫ്ബി പിന്തുണയോടെ 2,134 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ പദ്ധതി, 8.73 കിലോമീറ്റർ ദൈർഘ്യത്തോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ‘ട്വിൻ ട്യൂബ് ടണൽ’ ആണ്. താമരശ്ശേരി ചുരം ഒഴിവാക്കി യാത്ര ചെയ്യാവുന്ന ഈ പാത പൂർത്തിയാകുന്നതോടെ കോഴിക്കോട് – വയനാട് യാത്രാദൂരത്തിൽ 35 കിലോമീറ്ററും ഏകദേശം ഒന്നര മണിക്കൂർ സമയവും ലാഭിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2029-ഓടെ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിക്കായി ‘ഡിലേ ഡീറ്റനേറ്റർ’ സംവിധാനമാണ് ഉപയോഗിക്കുന്നത്. മേഖലയിലെ ബലവത്തായ ചാർണോക്കൈറ്റ് പാറകൾ തുരങ്കനിർമ്മാണത്തിന് ഏറെ അനുയോജ്യമാണെന്ന് ബിആർഒ മുൻ ചീഫ് എൻജിനീയർ കെ.പി. പുരുഷോത്തമൻ വ്യക്തമാക്കി. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ, ലിന്റോ ജോസഫ് എംഎൽഎ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. പദ്ധതി പൂർത്തീകരിക്കുന്നതോടെ പത്തു മിനിറ്റിനകം കോഴിക്കോടു നിന്ന് വയനാട്ടിൽ എത്താനാകുമെന്നും കേരളത്തിന്റെ സമസ്ത മേഖലകളിലും ഇതിന്റെ ശുഭകരമായ പ്രതിഫലനം ഉണ്ടാകുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



