തിരുവനന്തപുരം- എ.ഡി.ജി.പി അജിത് കുമാറിനെ ക്രമസമാധാന പാലന ചുമതലയിൽനിന്ന് മാറ്റാത്തതിൽ അസ്വാഭാവികത ഇല്ലെന്നും അന്വേഷണം നിഷ്പക്ഷമായി നടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എ.ഡി.ജി.പിയുടെ മുകളിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷിക്കുന്നത്. ഒരു ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാൻ കൃത്യമായ റിപ്പോർട്ട് വേണം. അന്വേഷണ റിപ്പോർട്ട് വന്ന ശേഷം മാത്രമേ നടപടി സ്വീകരിക്കാനാകൂ. ആരോപണം വന്നതിന്റെ പേരിൽ ആരെയും ശിക്ഷിക്കാനാകില്ല. അന്വേഷണം നടന്ന് റിപ്പോർട്ട് വന്നാൽ നടപടികളിലേക്ക് കടക്കും.
എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടത് സംബന്ധിച്ചുള്ള ആവർത്തിച്ചുള്ള ചോദ്യത്തിന്, പരിശോധനാ റിപ്പോർട്ട് വന്ന ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് മുമ്പ് പ്രതികരിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഭിമുഖ വിവാദത്തിൽ വിശദീകരണം
ഹിന്ദുവിന് അഭിമുഖം വേണമെന്ന് എന്നോട് പറഞ്ഞത് എനിക്ക് പരിചയമുള്ള ചെറുപ്പക്കാരനാണ്. ആലപ്പുഴയിലെ ദേവകുമാറിന്റെ മകനാണ് എന്നെ സമീപിച്ചത്. ഒറ്റപ്പാലത്തുള്ള ഒരു യുവതിയാണ് അഭിമുഖത്തിന് വന്നത്. എല്ലാ ചോദ്യങ്ങൾക്കും ഞാൻ മറുപടി പറഞ്ഞു. ഒരു ചോദ്യം അൻവറുമായി ബന്ധപ്പെട്ടതായിരുന്നു. ആ വിഷയം നേരത്തെ പറഞ്ഞതാണെന്നതിനാൽ മറുപടി പറഞ്ഞില്ല. അഭിമുഖം പ്രസിദ്ധീകരിച്ചുവന്നപ്പോൾ എന്നോട് ചോദിക്കാത്ത ചോദ്യവും ഉത്തരവും വന്നു. ഏതെങ്കിലും ജില്ലയെയോ സമൂഹത്തെയോ കുറ്റപ്പെടുത്തി ഞാൻ പറഞ്ഞിട്ടില്ല. എന്റെതായി എങ്ങിനെ അവർ കൊടുത്തത് എങ്ങിനെയാണെന്ന് അറിയില്ല. ഞാനോ സർക്കാരോ ഈ പി.ആർ ഏജൻസിക്ക് വേണ്ടി ചെലവിട്ടിട്ടില്ല.
തന്റെതല്ലാത്ത ഭാഗം പി.ആർ ഏജൻസി കൊടുത്തത് സംബന്ധിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ഇത്തരം ഏജൻസിയെ തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവ. ഒരു ഏജൻസിയെയും ചുതമലപ്പെടുത്തിയിട്ടില്ല. നിങ്ങളെല്ലാവരും എനിക്ക് ഡാമേജുണ്ടാക്കാനാണ് നോക്കുന്നത്. അതിൽ ഒരു പ്രശ്നവുമില്ല. അതേസമയം, അഭിമുഖം സംബന്ധിച്ച വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടിയിൽ തികച്ചും അവ്യക്തത നിഴലിച്ചിരുന്നു. പി.ആർ ഏജൻസിക്ക് എതിരെ കേസെടുക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
അൻവറിന്റെ ആരോപണം.
കുടുംബത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്ന അൻവറിന്റെ ആരോപണത്തിന് എന്താണ് മറുപടി പറയേണ്ടത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. എം.എൽ.എ എന്ന നിലയിൽ അൻവർ ഉന്നയിച്ച ആരോപണങ്ങളെ ഗൗരവത്തോടെയാണ് കണ്ടത്. എന്നാൽ അതിനോട് അൻവര് അതേ രീതിയിൽ അല്ല പ്രതികരിച്ചത്. ആരോപണത്തിന്റെ ഓരോ ഘട്ടത്തിലും തെറ്റായ രീതിയിലാണ് അൻവർ കാര്യങ്ങൾ അവതരിപ്പിച്ചത്. കേരളത്തിൽ എല്ലാ കാലത്തും സി.പി.എം വർഗീയതക്ക് എതിരെ ഉറച്ച നിലപാടാണ് സ്വീകരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. സി.പി.എമ്മിന്റെ വർഗീയ നിലപാടിൽ എതിരുള്ളവർക്കൊപ്പം അൻവർ ചേർന്നുവെന്നാണ് മനസിലാകുന്നത്. അൻവർ അദ്ദേഹത്തിന്റെ ലക്ഷ്യം പ്രകടിപ്പിച്ചിട്ടുണ്ട്. എനിക്കെതിരെ അദ്ദേഹം കുറച്ച് ആക്ഷേപങ്ങൾ ഉന്നയിച്ചു. ആ ആക്ഷേപങ്ങൾ കുറെ കാലമായി ഉള്ളതാണ്.
ബിസിനസ് ഡീലുമായി ബന്ധപ്പെട്ട് അൻവറിന് കുറെ ഇടപാടുകളുണ്ടാകും. അതൊന്നും ഞങ്ങൾക്ക് പരിചയമില്ല. അൻവറിന്റെ അധിക്ഷേപങ്ങളെ എല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നു. എന്റെ ഓഫീസിൽ ഉള്ള ആളുകളാരും സംശയത്തിന്റെ നിഴലിൽ ഉള്ളവരല്ല. അൻവർ ഇത്തരത്തിൽ ഉള്ള ആളാണെന്ന് എന്നാണ് തിരിച്ചറിഞ്ഞത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ചിരിയിലൂടെ മറുപടി നൽകി.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലന ചുമതലയുള്ള എ.ഡി.ജി.പിക്ക് വീഴ്ച സംഭവിച്ചതായി ഡി.ജി.പി നൽകിയ റിപ്പോർട്ടിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡി.ജി.പിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. എ.ഡി.ജി.പിക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടിലുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രത്യേക സഹചര്യങ്ങളിൽ പൂരം നിർത്തിവെക്കുകയോ ഭാഗികമായി നടത്തുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കുറി പൂരം അലങ്കോലമാക്കാൻ ശ്രമം നടന്നിട്ടുണ്ട്. അത് ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികളിലേക്ക് കടക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുണ്ടക്കൈ ദുരന്തം
ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ വലിയ നഷ്ടമാണ് കേരളത്തിന് സംഭവിച്ചത്. എന്നാൽ കേരളത്തിന് ആവശ്യമായ സഹായം കേന്ദ്രം നൽകിയിട്ടില്ല. ദുരന്തത്തിന്റെ ഭാഗമായി സംസ്ഥാനത്തിന് കേന്ദ്രം ഒരു സഹായവും നൽകുന്നില്ല. കേന്ദ്രത്തെ വീണ്ടും സമീപിക്കാൻ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് പത്തു ലക്ഷം വീതവും മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ടവർക്ക് അഞ്ചു ലക്ഷം രൂപയും നൽകും. വനിതാ-ശിശുക്ഷേമ വികസന വകുപ്പാണ് ഈ തുക നൽകുക. പുനരധിവാസത്തിന് സ്ഥലം കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. രണ്ടു സ്ഥലങ്ങൾ ഇതോടകം കണ്ടെത്തി. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റ് എന്നിവടങ്ങളിൽ ആധുനിക ടൗൺഷിപ്പ് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥലം ഏറ്റവും കൂടുതൽ വേഗത്തിൽ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകും. വലിയ കാലതാമസമില്ലാതെ സ്ഥലം ലഭ്യമാകും. വയനാട് ദുരന്തത്തിൽ എല്ലാവരും നഷ്ടമായ ശ്രുതിക്ക് ജോലി നൽകും. അർജുന്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ നൽകാനും തീരുമാനിച്ചു.