തിരുവനന്തപുരം- നിങ്ങൾക്ക് വേണ്ടത് എന്റെ ചോരയാണെന്നും അത് പെട്ടെന്ന് കിട്ടുന്ന ഒന്നല്ലെന്നും മഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എസ്.എഫ്.ഐ.ഒ കേസ് തന്നെ ബാധിക്കുന്ന കാര്യമാണെന്നും അക്കാര്യം ഓർത്ത് നിങ്ങൾ വേവലാതിപ്പെടേണ്ടതില്ലെന്നും പിണറായി പറഞ്ഞു. മാധ്യമങ്ങൾക്ക് സാമാന്യബുദ്ധിയില്ല എന്ന കാര്യമാണ് തെളിയുന്നത്. തന്റെ മകളിലൂടെ തന്നെയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ കേസുമായി ഇത് താരതമ്യം ചെയ്യാനാകില്ല. ബിനീഷിന്റെ കേസിൽ കോടിയേരിയുടെ പേര് ഉണ്ടായിരുന്നില്ല. എന്നാൽ ഈ കേസിൽ എന്റെ പേരുണ്ട്. അത് തന്നെയാണ് അതിലെ വ്യത്യാസമെന്നും പിണറായി പറഞ്ഞു. ഞാൻ രാജിവെക്കും എന്ന് ആശിച്ചുനിന്നോള്ളൂവെന്നും പിണറായി പറഞ്ഞു.
മുസ്ലിംകളെയും ന്യൂനപക്ഷങ്ങളെയും ശക്തമായി ആക്ഷേപിക്കുന്ന രീതി സംഘ് പരിവാർ കേന്ദ്രങ്ങൾ തുടരുകയാണ്. ഇത്തരം ഘട്ടത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ എല്ലാവരും ഉപേക്ഷിക്കണം. ഇക്കാര്യത്തിൽ വെള്ളാപ്പള്ളി വിശദീകരണം നൽകിയിട്ടുണ്ട്. എന്നാൽ എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് നിയമം പാസായപ്പോൾ മുനമ്പം വിഷയം പരിഹരിക്കപ്പെട്ടു എന്നാണ് ചിലർ പ്രചരിപ്പിച്ചത്. എന്നാൽ അക്കാര്യം ശരിയല്ല എന്നതാണ് വാസ്തവം. വഖഫ് ഭേദഗതി നിയമം വന്നതുകൊണ്ട് മുനമ്പത്തെ പ്രശ്നം തീരുന്നില്ല. വഖഫ് നിയമത്തിന് മുൻകാല പ്രാബല്യമില്ല എന്ന് മന്ത്രി തന്നെ പറഞ്ഞതാണ്. പുകമറ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കിട്ടുമോ എന്നാണ് ബി.ജെ.പി ആലോചിക്കുന്നത്. വഖഫ് നിയമവും മുനമ്പം വിഷയവും യോജിപ്പിച്ചുള്ള രീതിയാണ് ബി.ജെ.പി ആവിഷ്കരിക്കുന്നത്. ബി.ജെ.പിയുടെ ക്രിസ്ത്യൻ പ്രേമത്തിന്റെ ഒരു എപ്പിസോഡ് മാത്രമാണ് മുനമ്പത്ത് നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘ്പരിവാർ കേന്ദ്രങ്ങൾ ക്രിസ്ത്യൻ ന്യൂനപക്ഷത്തെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളാണ് സംഘ്പരിവാറിന്റെ ആഭ്യന്തര ശത്രുക്കൾ എന്നത് രേഖപ്പെടുത്തപ്പെട്ട കാര്യങ്ങളാണ്. സംഘ്പരിവാറിന്റെ അടുത്ത ലക്ഷ്യം കത്തോലിക്ക സഭയാണ്. മുനമ്പത്തെ ക്രൈസ്തവർ ഇക്കാര്യം തിരിച്ചറിയുമെന്നും പിണറായി പറഞ്ഞു.
സർക്കാർ നാലാം വർഷികത്തിന് ഈ മാസം തുടക്കം
ഈ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികം ഏപ്രില്‍ 21 മുതല്‍ മെയ് 30 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. 2016 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍. ആനിലക്ക് ഒമ്പതു വര്‍ഷത്തെ വികസന നേട്ടങ്ങളുടെ ആഘോഷമായി മാറുകയാണ് സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ഷികാഘോഷങ്ങള്‍ക്ക് ഏപ്രില്‍ 21ന് കാസര്‍കോട് തുടക്കം കുറിക്കും. എല്ലാ ജില്ലകളിലും ജില്ലാതല, യോഗങ്ങള്‍ നടക്കും. അവയില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ നേരിട്ട് പങ്കെടുക്കും. പ്രദര്‍ശന വിപണന മേളകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാര്‍ഷികാഘോഷ പരിപാടി യുടെ സമാപനം.
ജില്ലാതല യോഗത്തില്‍ ക്ഷണിക്കപ്പെട്ട വ്യക്തികള്‍ പങ്കെടുക്കും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭാക്താക്കള്‍, ട്രേഡ് യൂണിയന്‍ / തൊഴിലാളി പ്രതിനിധികള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, സാംസ്കാരിക, കായിക രംഗത്തെ പ്രതിഭകള്‍, പ്രാഫഷണലുകള്‍, വ്യവസായികള്‍, പ്രവാസികള്‍ സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. യോഗം രാവിലെ 10.30 ന് തുടങ്ങി 12.30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ലഹരിക്കെതിരായ പോരാട്ടം തുടരും
പുതിയ തലമുറയേയും സമൂഹത്തിന്‍റെ ഭാവിയേയും നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ സംസ്ഥാനം ഒരു യുദ്ധം നടത്തുകയാണ്. ലഹരി വിപണനത്തിന്‍റേയും ഉപയോഗത്തിന്‍റേയും തായ് വേരറുത്ത് വരും തലമുറകളെ കൊടുംവിപത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള മഹായജ്ഞത്തിനു ഈ നാടിന്‍റെയാകെ പിന്തുണയും പങ്കാളിത്തവും ആവശ്യമാണ്.
മയക്കുമരുന്നുള്‍പ്പെടെയുള്ള മാരക ലഹരികള്‍ പൊതുസമൂഹത്തിന്‍റെ സമാധാന അന്തരീക്ഷത്തിനും ഭീഷണി ഉയര്‍ത്തുകയാണ്. മയക്കുമരുന്ന് ആസക്തി പലപ്പോഴും കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. അതിന്‍റെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട്, വൈകാരിക പ്രശ്നങ്ങള്‍, കുറ്റവാസന, ആത്മഹത്യ എന്നിവ വര്‍ദ്ധിച്ചു വരുന്നു.
കേരളത്തില്‍ കൂടുതല്‍ കാണപ്പെടുന്ന ലഹരി വസ്തുക്കളില്‍ കഞ്ചാവ്, ഹെറോയിന്‍, മെത്താംഫെറ്റാമൈന്‍, സിന്തറ്റിക് മരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്നു. സിന്തറ്റിക് മരുന്നുകളുടെ ഉപയോഗത്തിലെ വര്‍ദ്ധന സാഹചര്യത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു.
ലഹരി ഉപയോഗവും വ്യാപനവും തടയാനുള്ളബോധവല്‍ക്കരണവും നടപടികളും സംബന്ധിച്ച് വിപുലമായ യോഗം ഇന്ന് ചേര്‍ന്നിരുന്നു. വിവിധ വകുപ്പുകള്‍ തങ്ങള്‍ ചെയ്തുവരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന്ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും യോഗത്തില്‍ വിശദമായി അവതരിപ്പിച്ചു. പോലീസ്, എക്സൈസ്, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴില്‍, പട്ടികജാതി – പട്ടിക വര്‍ഗം , ആരോഗ്യം, കായികം, സാംസ്കാരികം യുവജനക്ഷേമം തുടങ്ങിയ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.