തിരുവനന്തപുരം- സിനിമയിൽ വില്ലന്മാരുണ്ടാകാമെന്നും എന്നാൽ സിനിമാ മേഖലയിൽ വില്ലന്മാർ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയാരുന്നു മുഖ്യമന്ത്രി. മുഴുവൻ മാധ്യമപ്രവർത്തകരുടെയും ചോദ്യം കേട്ട ശേഷമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അപ്രഖ്യാപിത വിലക്കു കൊണ്ട് ആർക്കും ആരെയും ഇല്ലാതാക്കാനാകില്ല എന്നാണ് പുതിയ തലമുറ പറയുന്നത്. ചെയ്യുന്ന ജോലിക്ക് മാന്യമായ വേതനം ഉറപ്പാക്കാൻ സിനിമമേഖലയിലെ സംഘടനകൾ രംഗത്തുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സിനിമയിൽ സത്രീകൾ നേരിടുന്ന പ്രശ്നം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റീസ് ഹേമ തന്നെ ആവശ്യപ്പെട്ടതാണ്. അതുകൊണ്ട് റിപ്പോർട്ട് പൂഴ്ത്തിവെച്ചു എന്ന ആരോപണം ശരിയല്ല. ഹേമ നൽകിയ കത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവ് കൂടി പരാമർശിച്ചാണ് അവർ റിപ്പോർട്ട് പുറത്തുവിടരുത് എന്ന് അഭ്യർത്ഥിച്ചത്. റിപ്പോർട്ട് പുറത്തുവിടണം എന്നാവശ്യപ്പെട്ട് 2020-ൽ ഒരു മാധ്യമ പ്രവർത്തകൻ വിവരാവകാശ കമ്മീഷനെ ബന്ധപ്പെട്ടു. എന്നാൽ സ്വകാര്യ വിവരങ്ങൾ ഉള്ളതിനാൽ പുറത്തുവിടാനാകില്ലെന്ന് വിവരാവകാശ കമ്മീഷൻ അറിയിച്ചു. പിന്നീടാണ് കോടതി ഇക്കാര്യത്തിൽ ഇടപെട്ടത്. സ്വകാര്യത കാത്തുസൂക്ഷിക്കാനാണ് പ്രൊഫഷണൽ ടൈപ് റൈറ്റിംഗ് അറിയാഞ്ഞിട്ടും കമ്മിറ്റി അംഗങ്ങൾ സ്വന്തമായി ടൈപ് ചെയ്തത്. റിപ്പോർട്ടു പുറത്തുവിടുന്നതിൽ സർക്കാരിന് വിയോജിപ്പില്ല. വിവരങ്ങൾ ചോരാതിരിക്കാനാണ് സ്റ്റെനോഗ്രാഫറെ ഒഴിവാക്കിയത്. ആരോപണത്തിലെ സെൻസിറ്റീവ് സ്വഭാവം കണക്കിലെടുത്ത് സാക്ഷികളുടെ മൊഴികൾക്ക് സമ്പൂർണ്ണ രഹസ്യാത്മകത ഉറപ്പാക്കിയിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന് ചെയ്യാനാകുന്ന മുഴുവൻ കാര്യങ്ങളും ചെയ്യും. ചലച്ചിത്ര മേഖലയിലെ എല്ലാ പുഴുക്കുത്തുകളെയും ഉരുക്കുമുഷ്ടി കൊണ്ടു നേരിടും.
റിപ്പോർട്ടിലെ ഏതെങ്കിലും വിഷയം കേസെടുത്ത് അന്വേഷിക്കണം എന്ന ശുപാർശ കമ്മീഷൻ നിർദ്ദേശിച്ചിട്ടില്ല. അതേസമയം, മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പീഡന പരാതികളിൽ കേസെടുത്ത് അന്വേഷിക്കുന്നതിൽ പോലീസ് ഇക്കാലം വരെ വീഴ്ച വരുത്തിയിട്ടില്ല. പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് നൽകിയ പരാതിയിൽ മുൻ സംവിധായകന് എതിരെയും പോലീസ് കേസെടുത്തതാണ്. ഇതുപോലെ നിരവധി സംഭവങ്ങളുണ്ട്. നടിയെ ഫോണിലൂടെ തുടർച്ചയായി ശല്യം ചെയ്ത സംഭവത്തിൽ മറ്റൊരു സംവിധായകന് എതിരെയും കേസെടുത്തു. ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും നടി പരാതി നൽകിയാൽ ഉടൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.
ഈ കമ്മിറ്റി രൂപീകരിച്ചത് സിനിമാ മേഖലയിലെ അപചയങ്ങൾ പരിഹരിക്കുന്നതിനാണ്. അപചയങ്ങൾ കമ്മിറ്റി ചൂണ്ടിക്കാട്ടുകയും ചെയ്തു. ആർക്കും ഭയപ്പാടില്ലാതെ മുന്നോട്ടുപോകാനാകണം. ഇതിനുള്ള നടപടികളാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോബിയിംഗിന്റെ ഭാഗമായി ചില നടീ നടന്മാരെ ഒറ്റപ്പെടുത്താൻ പാടില്ല. ആശയപരമായ അഭിപ്രായ ഭിന്നതകൾ സിനിമയെ ശക്തിപ്പെടുത്താൻ വേണ്ടിയാകണം. കഴിവും സർഗാത്മകതയും മാത്രമായിരിക്കണം എല്ലാ തരം സാങ്കേതിക പ്രവർത്തനങ്ങളുടെയും മാനദണ്ഡം. സമൂഹത്തിന്റെ പരിച്ഛേദമാണ് സിനിമ. സമൂഹത്തിലെ തെറ്റായ പ്രവണത സിനിമയിലും എത്തുക സ്വാഭാവികമാണ്. സിനിമയിലെ ലൈംഗീക, മാനസിക, ശാരീരിക ചൂഷണങ്ങളോട് സന്ധിയില്ല. വേട്ടക്കാർക്കൊപ്പം സർക്കാറില്ല. ഇരകളുടെ കൂടെയാണ്. ഇക്കാര്യം പലവട്ടം സർക്കാർ സ്വന്തം പ്രവർത്തി കൊണ്ട് അടയാളപ്പെടുത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യത്ത് തന്നെ ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന വിഷയം ചർച്ച ചെയ്യാൻ സമിതി രൂപീകരിച്ചത് കേരള സർക്കാർ മാത്രമാണ്. സിനിമാ മേഖലയിലെ അനഭിലഷണീയമായ കാര്യങ്ങളോട് സന്ധിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.