തിരുവനന്തപുരം: ഉമ്മൻചാണ്ടിക്ക് കോവിഡ് വാക്സിൻ നൽകിയിരുന്നില്ലെന്ന് മകൻ ചാണ്ടി ഉമ്മൻ എം.എൽ.എ. പിതാവിന്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് വാക്സിൻ നൽകാതിരുന്നതെന്നും ഫെയ്സ് ബുക്ക് ലൈവിൽ ചാണ്ടി ഉമ്മൻ പറഞ്ഞു. വാക്സിന്റെ പാർശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് ചാണ്ടിയുടെ വിശദീകരണം.
കഴിഞ്ഞ ദിവസം കൊവിഡ് സമയത്ത് ഇന്ത്യയിലും മറ്റും വിതരണം ചെയ്തിരുന്ന അസ്ട്രസെനെക വാക്സിൻ ഗുരുതര പാര്ശ്വഫലങ്ങള്ക്ക് കാരണമാകുമെന്ന് നിർമ്മാതാക്കൾ തുറന്നു പറഞ്ഞിരുന്നു. മറ്റെല്ലാ ചികിത്സകളും പിതാവിന് നൽകിയിരുന്നുവെന്നും കുടുംബപരമായി എടുത്ത തീരുമാനമാണ് വാക്സിൻ നൽകേണ്ടതില്ല എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
വാക്സിൻ നൽകാതെ പിതാവിനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും വാക്സിൻ നിർമ്മാതാക്കൾ തന്നെ ഗുരുതര പാർശ്വ ഫലം ഉണ്ടാക്കുമെന്ന് സമ്മതിച്ച സന്ദർഭത്തിൽ അത് തെളിഞ്ഞുവെന്നും തെറ്റായ രീതിയിൽ വാർത്ത പ്രചരിപ്പിച്ച മറുനാടൻ മലയാളി മാപ്പു പറയണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. തന്നെയും കുടുംബത്തെയും ഇപ്പോഴും ആക്ഷേപിക്കുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അടിസ്ഥാനരഹിതമായ വാർത്തകൾ മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുമെന്നും ഉടൻ ക്ഷമാപണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വൻ വിവാദം ഉയർന്നിരുന്നു. ചാണ്ടി ഉമ്മൻ പിതാവ് ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചു എന്നായിരുന്നു ആരോപണം. ഇതിനെതിരെ ഉമ്മൻ ചാണ്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.