ഹൈദരാബാദ്- ആന്ധ്രാപ്രദേശിൻ്റെ പുതിയ മുഖ്യമന്ത്രിയായി തെലുങ്കുദേശം പാർട്ടി (ടിഡിപി) തലവൻ എൻ ചന്ദ്രബാബു നായിഡു ജൂൺ 9 ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. 175 നിയമസഭാ മണ്ഡലങ്ങളിൽ 158 എണ്ണത്തിലും വ്യക്തമായ ലീഡോടെയാണ് ടി.ഡി.പി സഖ്യം മുന്നിലെത്തിയത്. 74 കാരനായ നായിഡു നാലാം തവണയും മുഖ്യമന്ത്രിയാകും. 1995 മുതൽ 2004 വരെ അവിഭക്ത ആന്ധ്രാപ്രദേശിൻ്റെ മുഖ്യമന്ത്രിയായി അദ്ദേഹം സേവനം ചെയ്തിരുന്നു.
2014 ലെ വിഭജനത്തെത്തുടർന്ന് നായിഡു അവശിഷ്ട ആന്ധ്രാപ്രദേശിൻ്റെ ആദ്യ മുഖ്യമന്ത്രിയായിരുന്നു.
2019-ൽ വൈഎസ്ആർ കോൺഗ്രസിൽനിന്ന് നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ നായിഡു, അഞ്ചു വർഷത്തിന് ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. നടനും രാഷ്ട്രീയ പ്രവർത്തകനുമായ പവൻ കല്യാണിൻ്റെ ജന സേന പാർട്ടിയുമായും (ജെഎസ്പി) ബി.ജെ.പിയുമായും നായിഡു സഖ്യമുണ്ടാക്കി.
131 മണ്ഡലങ്ങളിൽ ടി.ഡി.പി വിജയിച്ചു. മറ്റിടങ്ങളിൽ സഖ്യകക്ഷികളുമാണ് വിജയിച്ചത്. നായിഡുവിൻ്റെ മകനും ടിഡിപി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷ് മംഗളഗിരി മണ്ഡലത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ ഈ മണ്ഡലത്തിൽ തോറ്റതായിരുന്നു ലോകേഷ്.