ഗാസ – ഗാസയിലെ ആക്രമണങ്ങള്‍ നിര്‍ത്തി വെടിനിര്‍ത്തലിലേക്ക് മടങ്ങാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഹമാസും ഈ ആവശ്യം അംഗീകരിക്കണം. ഗാസയിലേക്ക് വീണ്ടും മാനുഷിക സഹായങ്ങള്‍ ഉടന്‍ അനുവദിക്കണമെന്നും ഗാസ പുനര്‍നിര്‍മാണത്തിനുള്ള അറബ് പദ്ധതിയില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെ താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദ്വിരാഷ്ട്ര പരിഹാരത്തിന് വിരുദ്ധമായ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലും ഫലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് ഇസ്രായിലില്‍ കൂട്ടിച്ചേക്കലും നിരാകരിക്കുന്നു. ദ്വിരാഷ്ട്ര പരിഹാരം അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ ചക്രവാളത്തിലേക്ക് മടങ്ങേണ്ടത് അനിവാര്യമാണ്.
ലെബനോന്‍ പാലിച്ച വെടിനിര്‍ത്തല്‍ കര്‍ശനമായി പാലിക്കാന്‍ ഇസ്രായിലിനോട് മാക്രോണ്‍ ആവശ്യപ്പെട്ടു. ലെബനോന്റെ പ്രദേശത്തിന്മേലുള്ള പൂര്‍ണ പരമാധികാരം പുനഃസ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും മാക്രോണ്‍ ആഹ്വാനം ചെയ്തു. ലെബനോന്‍ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായില്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങേണ്ടതിന്റെ അനിവാര്യത ഞാന്‍ നെതന്യാഹുവിനോട് പറഞ്ഞു. അങ്ങിനെ ലെബനോനില്‍ ആയുധങ്ങള്‍ രാഷ്ട്രത്തിന്റെ കൈകളില്‍ മാത്രമായി മാറും. എല്ലാവര്‍ക്കും ഭാവി ഉറപ്പുനല്‍കുന്ന സ്ഥിരതയും നീതിയുക്തവും ശാശ്വതവുമായ സമാധാനവും മധ്യപൗരസ്ത്യദേശത്തിന് ആവശ്യമാണെന്നും എക്‌സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റില്‍ മാക്രോണ്‍ പറഞ്ഞു.
പുതിയ വെടിനിർത്തൽ അംഗീകരിക്കാൻ ഒരുക്കമെന്ന് ഹമാസ്
ഗാസ – ഗാസയില്‍ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കുന്നതായി ഹമാസ് അറിയിച്ചു. ഗാസ നിവാസികളെ കുടിയൊഴിപ്പിക്കുന്നതും നാടുകടത്തുന്നതും ഫലസ്തീനിലെ ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങളെ നിരായുധീകരിക്കുന്നതും ഒരിക്കലും അംഗീകരിക്കില്ലെന്ന് ഗാസയിലെ ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ പറഞ്ഞു. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിനെ രക്ഷിക്കാന്‍ വേണ്ടി ഇസ്രായില്‍ വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറിയതായി ഖലീല്‍ അല്‍ഹയ്യ ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.
വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുമ്പ് ഈജിപ്തില്‍ നിന്നും ഖത്തറില്‍ നിന്നും ഹമാസിന് പുതിയ നിര്‍ദേശം ലഭിച്ചിരുന്നു. ഇത് പ്രസ്ഥാനം പോസിറ്റീവായി കൈകാര്യം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. ഞങ്ങളുടെ ജനങ്ങളോടും കുടുംബങ്ങളോടുമുള്ള ഉത്കണ്ഠ കാരണം യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഓഫറുകളും ഉത്തരവാദിത്തത്തോടെയും പോസിറ്റീവായും ഞങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
യുദ്ധാനന്തര ഗാസയില്‍ ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്മ്യൂണിറ്റി സപ്പോര്‍ട്ട് കമ്മിറ്റിക്ക് നേതൃത്വം നല്‍കേണ്ട വ്യക്തികളെ കുറിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കമ്മിറ്റി രൂപീകരണ പ്രക്രിയ പൂര്‍ത്തിയാക്കാനായി ഗാസയിലെ വിവിധ വിഭാഗങ്ങള്‍ ചേര്‍ന്ന് സ്വതന്ത്രരും പ്രൊഫഷണലും വിദഗ്ധരുമായ ഒരു കൂട്ടം വ്യക്തികളുടെ പേരുകള്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. അറബ്, ഇസ്‌ലാമിക രാജ്യങ്ങളുടെ പിന്തുണ നേടിയ ശേഷം ഈജിപ്ഷ്യന്‍ അധികൃതര്‍ക്ക് കമ്മിറ്റി രൂപീകരണം വേഗത്തിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുതായും ഖലീല്‍ അല്‍ഹയ്യ പറഞ്ഞു.