ദോഹ- വെടിനിർത്തൽ കരാറിൽ ഇസ്രായിൽ സൈന്യത്തെ ഗാസയിൽനിന്ന് പൂർണ്ണമായും പിൻവലിക്കുമെന്ന വ്യവസ്ഥ ഉൾപ്പെടുത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. സമഗ്രമായ വെടിനിർത്തൽ, ഗാസയിൽന്ന് ഇസ്രായിലിന്റെ സമ്പൂർണ്ണമായ പിൻവാങ്ങൽ, കുടിയിറക്കപ്പെട്ടവരെ തിരികെ എത്തിക്കൽ, ബന്ദികളെ മോചിപ്പിക്കൽ തുടങ്ങിയ വ്യവസ്ഥകൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് ഹമാസ് നേതാവ് ഹിസാം ബദ്രാൻ ആവശ്യപ്പെട്ടു. ദോഹയിൽ അമേരിക്കയുടെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ച നടക്കുന്നതിനിടെയാണ് ഹമാസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ചുള്ള ചർച്ചകൾ ദോഹയിൽ നടക്കുകയാണ്. ചർച്ച നാളെ(വെള്ളി)യും തുടരും. ചർച്ച ഫലപ്രദമായാണ് മുന്നോട്ടുപോകുന്നതെന്നും “ശുഭസൂചകമായ തുടക്കം” ആണെന്നും അമേരിക്ക പ്രതികരിച്ചു.
സി.ഐ.എ ഡയറക്ടർ വില്യം ബേൺസ് ഉൾപ്പെട്ട ചർച്ചകൾ ഖത്തർ തലസ്ഥാനമായ ദോഹയിൽ ആരംഭിച്ചതായി യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.
ഇന്നത്തെ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് കിർബി വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരുപാട് ജോലികൾ ചെയ്യാനുണ്ട്, വെള്ളിയാഴ്ചയും ചർച്ച തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ചത്തെ യോഗത്തിൽ ഹമാസ് പങ്കെടുത്തിട്ടില്ല. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ മെയ് അവസാനത്തോടെ ആവിഷ്‌കരിച്ച സമാധാന ഉടമ്പടി പദ്ധതി നടപ്പാക്കണമെന്ന് ഫലസ്തീൻ സംഘം ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയെ കൊല്ലാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കൂടുതൽ സമയം നൽകാനുള്ള നീണ്ട ചർച്ചകളിൽ ഹമാസ് പങ്കെടുക്കില്ലെന്നും ഹമാസ് പ്രതിനിധി മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമിയും ഫ്രഞ്ച് വിദേശകാര്യമന്ത്രി സ്റ്റെഫാൻ സെജോണും വെള്ളിയാഴ്ച ഇസ്രായേൽ ഉന്നത നയതന്ത്രജ്ഞനായ ഇസ്രായേൽ കാറ്റ്സുമായി സന്ധി വ്യവസ്ഥകൾ ചർച്ച ചെയ്യും.
ഗാസയിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ ഇതേവരെ 40,005 പേർ കൊല്ലപ്പെട്ടതായി ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള മേഖലയിലെ ആരോഗ്യമന്ത്രാലയം അധികൃതർ വ്യക്തമാക്കി