തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ പോലീസ് കേസെടുത്തു. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് മ്യൂസിയം പോലീസ് കേസെടുത്തത്. മസ്കറ്റ് ഹോട്ടലിൽ വച്ച് നടിയെ 2016-ൽ നടൻ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി 2016-ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഡി.ജി.പിക്ക് ഇ-മെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്. നടി നേരത്തെ ഇക്കാര്യം ഉന്നയിച്ചെങ്കിലും താരസംഘടന അടക്കം ആരും ഗൗനിച്ചിരുന്നില്ല. ഹേമാ കമ്മിറ്റി റിപോർട്ട് പുറത്ത് വന്നതോടെയാണ് നടി മാധ്യമങ്ങൾക്ക് മുന്നിൽ വീണ്ടും ആരോപണം ആവർത്തിച്ചത്.
സംഭവം വിവാദമായതോടെ താരസംഘടനയായ അമ്മയുടെ ജനറൽസെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. നടിയുടെ പരാതി സർക്കാർ രൂപീകരിച്ച പ്രത്യേക സംഘത്തിന് കൈമാറുമെന്നാണ് വിവരം.