റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട ശഖ്‌റായിലെ അല്‍റൗദ ഡിസ്ട്രിക്ടില്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട ലെക്‌സസ് കാര്‍ കത്തിനശിച്ചു. എയര്‍ കണ്ടീഷനറില്‍ റിപ്പയര്‍ ജോലികള്‍ നടത്താനാണ് കാര്‍ വര്‍ക്ക് ഷോപ്പിലെത്തിച്ചത്. നന്നായി പ്രവര്‍ത്തിക്കാത്ത എയര്‍ കണ്ടീഷനറില്‍ ഗ്യാസ് നിറക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവറും സഹയാത്രികനും വര്‍ക്ക് ഷോപ്പിലെത്തിയതെന്ന് സ്ഥാപനത്തിലെ ഇലക്ട്രീഷ്യന്‍ പറഞ്ഞു. കാറിന്റെ എന്‍ജിന്‍ മാറ്റിയപ്പോള്‍ എയര്‍ കണ്ടീഷനറിലെ ഗ്യാസ് നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും ഡ്രൈവര്‍ സൂചിപ്പിച്ചു.
എയര്‍ കണ്ടീഷനറിന്റെ ഓയിലും എ.സി പൈപ്പുകളും പരിശോധിച്ചപ്പോള്‍ അവക്ക് ഒരു കുഴപ്പവുമില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് എയര്‍ കണ്ടീഷനറില്‍ ഗ്യാസ് നിറച്ചു. ഇതോടെ എയര്‍ കണ്ടീഷനര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എ.സിയുടെ തണുപ്പ് പരിശോധിക്കാനും തണുത്ത കാറ്റിന്റെ പ്രവാഹം വര്‍ധിപ്പിക്കാനും വേണ്ടി ഈ സമയത്ത് ഡ്രൈവര്‍ ആക്‌സിലേറ്ററില്‍ ആവര്‍ത്തിച്ച് അമര്‍ത്തി.
നിമിഷങ്ങള്‍ക്കകം ഇന്ധന ടാങ്കിനു സമീപം പെട്രോള്‍ പൈപ്പില്‍ ഇന്ധനം ലീക്കാവുകയും സ്പാര്‍ക്ക് പ്ലഗ്ഗില്‍ നിന്നുള്ള തീപ്പൊരി തട്ടി കാറിന്റെ പിന്‍വശത്ത് തീ പടര്‍ന്നുപിടിക്കുകയുമായിരുന്നു.
മുന്‍വശത്തെ സീറ്റിലുണ്ടായിരുന്ന ഡ്രൈവറും സഹയാത്രികനും ഉടന്‍ ചാടിയിറങ്ങിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. സമീപത്തെ മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ കാറിലെ തീയണച്ചതായും വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍ പറഞ്ഞു.
വര്‍ക്ക് ഷോപ്പിനകത്ത് കാറില്‍ പടര്‍ന്നുപിടിച്ച തീ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അണക്കുന്നതിനിടെ 700 മീറ്റര്‍ അകലെ സെക്കന്റ് ഹെല്‍ത്ത് സെന്ററിനു സമീപം ഉണക്കപ്പുല്ലുകളിലും കുറ്റിച്ചെടികളും തീ പടര്‍ന്നുപിടിച്ചു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സത്വരം ഇടപെട്ട് തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് ശഖ്‌റാ സിവില്‍ ഡിഫന്‍സ് അറിയിച്ചു.