ബെയ്‌റൂത്ത് – ബെയ്‌റൂത്തില്‍ അല്‍ഹംറാ ഏരിയയില്‍ കാര്‍ പാര്‍ക്കിംഗിലെ ജനറേറ്ററിലുണ്ടായ വന്‍ അഗ്നിബാധയില്‍ ഡസന്‍ കണക്കിന് കാറുകള്‍ കത്തിനശിച്ചു. പാര്‍ക്കിംഗിലും സമീപത്തെ റോഡുകളിലും നിര്‍ത്തിയിട്ട നിരവധി കാറുകളിലേക്ക് ജനറേറ്ററില്‍ നിന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. കാറുകള്‍ പൂര്‍ണമായും കത്തിനശിക്കുകയും ചില കാറുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. അഗ്നിബാധയില്‍ മാനംമുട്ടെ ഉയര്‍ന്ന പുകപടലങ്ങള്‍ ബെയ്‌റൂത്തില്‍ നിന്ന് ഏറെ ദൂരെ വരെ കാണാമായിരുന്നു.
തീ നിയന്ത്രണ വിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സും അഗ്നിശമന സേനയും തീവ്രശ്രമങ്ങള്‍ തുടരുകയാണ്. കനത്ത പുക ശ്വസിച്ച് നിരവധി പേര്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. പ്രദേശത്തെ ഒരു കെട്ടിടം പൂര്‍ണമായും കത്തിനശിച്ചതായും ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാസംഘം സ്ഥാപിച്ച ഗോവണി വഴി സമീപത്തെ കെട്ടിടങ്ങത്തില്‍ ഒന്നില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ലെബനീസ് പൗരന്‍ നിലത്തുവീണെങ്കിലും കയറിലെ പിടുത്തം വിടാത്തതിനാല്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തീ പടര്‍ന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സമീപത്തെ കെട്ടിടങ്ങളിലെ താമസക്കാരെ അധികൃതര്‍ ഒഴിപ്പിച്ചു. അഗ്നിബാധയില്‍ വിദേശ തൊഴിലാളികളില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി സ്‌കൈ ന്യൂസ് അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. അഗ്നിബാധയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.