റിയാദ് – റിയാദിലെ എക്സ്പ്രസ്വേയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ കാറില്‍ തീ പടര്‍ന്നുപിടിച്ചു. കാറിന്റെ അടിഭാഗത്താണ് തീ ആദ്യം പടര്‍ന്നുപിടിച്ചത്. ഇത് പിറകില്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറായ സൗദി യുവാവ് മുഹമ്മദ് ബിന്‍ മുഫ്റഹിന്റെ ശ്രദ്ധയില്‍ പെടുകയും കാര്‍ നിര്‍ത്താന്‍ കാര്‍ ഡ്രൈവറോട് ഉച്ചത്തില്‍ ആവശ്യപ്പെടുകയുമായിരുന്നു. ഉടന്‍ തന്നെ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
നിമിഷ നേരം കൊണ്ട് കാറിന്റെ മുന്‍വശത്തേക്ക് തീ ആളിപ്പടര്‍ന്നു. സംഭവം കണ്ട് മറ്റു കാറുകളുടെയും വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ഓടിയെത്തി അഗ്നിമന സിലിണ്ടറുകള്‍ ഉപയോഗിച്ച് കാറിലെ തീയണക്കാന്‍ ശ്രമിച്ചു. ഇതിനിടെ സമീപത്തു കൂടി കടന്നുപോയ വാട്ടര്‍ ടാങ്കറിന്റെ ഡ്രൈവര്‍ വാട്ടര്‍ ടാങ്കറില്‍ നിന്നുള്ള വെള്ളം പമ്പ് ചെയ്ത് കാറിലെ തീ പൂര്‍ണമായും അണച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ മുഹമ്മദ് ബിന്‍ മുഫ്റഹ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.