തിരുവനന്തപുരം- കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് ഒഴിവുവരുന്ന മൂന്നു സീറ്റുകളിലും മത്സരിക്കുന്നവരെ സംബന്ധിച്ച് ധാരണയായി. സി.പി.ഐയിൽനിന്ന് പി.പി സുനീറും മുസ്ലിം ലീഗിൽനിന്ന് കെ.എം.സി.സി ദൽഹി നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ ഹാരിസ് ബീരാനും മത്സരിക്കും. കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയും രാജ്യസഭയിലേക്ക് മത്സരിക്കും.
ഇടതുമുന്നണിക്ക് ലഭിച്ച രണ്ടു സീറ്റുകളിലും സി.പി.എം വിട്ടുവീഴ്ച ചെയ്ത് സീറ്റ് ഘടകകക്ഷികൾക്ക് നൽകുകയായിരുന്നു. ഒരു സീറ്റ് തങ്ങൾക്ക് വേണമെന്ന് സി.പി.എം ആവശ്യപ്പെട്ടിരുന്നു.
സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് പി.പി സുനീര്‍. പൊന്നാനി സ്വദേശിയായ പി.പി സുനീര്‍, പാര്‍ട്ടിയുടെ മലബാറില്‍ നിന്നുള്ള നേതാക്കളില്‍ പ്രമുഖനാണ്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
വയനാട്ടില്‍ ഇത്തവണ രാഹുല്‍ ഗാന്ധിക്ക് എതിരെ മത്സരിച്ച ആനി രാജയുടേയും മുതിര്‍ന്ന നേതാവ് പ്രകാശ് ബാബുവിന്റേയും പേരുകള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നെങ്കിലും പി പി സുനീറിനെ സ്ഥാനാര്‍ഥിയായി നേതൃത്വം തീരുമാനിച്ചു. പൊന്നാനി മാറാഞ്ചേരിയിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച പി പി സുനീര്‍, വിദ്യാര്‍ഥി-യുവജന സംഘടനകളിലൂടെയാണ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നത്. സംഘാടകനെന്ന നിലയില്‍ സുനീറിന്റെ കീഴില്‍ മലപ്പുറത്ത് സിപിഐ ഏറെ മുന്നേറി. 1999-ലും 2004-ലും പൊന്നാനിയില്‍ മുസ്ലീം ലീഗിന്റെ ദേശീയ നേതാക്കളായ ബനാത്ത് വാല, ഇ അഹമ്മദ് എന്നിവര്‍ക്കെതിരെയും മത്സരിച്ചു. ഇടതുമുന്നണിക്കുള്ള സീറ്റിന് വേണ്ടി ആർ.ജെ.ഡിയും ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ സി.പി.എം വഴങ്ങിയില്ല.