ജിദ്ദ – മൊബൈല്‍ ഫോണുകള്‍ക്കും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധമാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം നാളെ മുതല്‍ സൗദിയിൽ നടപ്പാക്കി തുടങ്ങും. മുഴുവന്‍ ഇനങ്ങളിലും പെട്ട മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ ഏറ്റവും വ്യാപകമായ ഉപയോഗത്തിലുള്ള 12 ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കാണ് നാളെ മുതല്‍ ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധമാക്കുന്നത്. ഈ ഉപകരണങ്ങളിലെല്ലാം യു.എസ്.ബി ടൈപ്പ്-സി ഇനത്തില്‍ പെട്ട ചാര്‍ജിംഗ് പോര്‍ട്ടുകള്‍ നിര്‍ബന്ധമാണ്.
സൗദി വിപണിയില്‍ മൊബൈല്‍ ഫോണുകളുടെയും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെയും ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഏകീകരിക്കല്‍ നിര്‍ബന്ധമാക്കുന്ന ഘട്ടങ്ങള്‍ സൗദി സ്റ്റാന്റേര്‍ഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷനും കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷനും നേരത്തെ അറിയിച്ചിരുന്നു. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും അവരുടെ മേല്‍ അധിക ചെലവുകള്‍ അടിച്ചേല്‍പിക്കാതിരിക്കാനും ഉയര്‍ന്ന ഗുണനിലവാരമുള്ള ചാര്‍ജിംഗ്, ഡാറ്റ ട്രാന്‍സ്ഫര്‍ സാങ്കേതികവിദ്യ നല്‍കാനും ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ കുറച്ച് പരിസ്ഥിതി സുസ്ഥിരതാ തത്വങ്ങള്‍ക്ക് പിന്തുണ നല്‍കാനുമാണ് ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഏകീകരിക്കാനുള്ള തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.