ബുറൈദ – അല്‍ഖസീം നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ ആശ്വാസമായി പൊതുഗതാത പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം. ബസുകള്‍ ഉപയോഗിച്ചുള്ള പൊതുഗതാഗത പദ്ധതി ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടന പ്രവിശ്യ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ മിശ്അല്‍ ബിന്‍ സൗദ് രാജകുമാരന്‍ നിര്‍വഹിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ആക്ടിംഗ് പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ആദ്യ ഘട്ടത്തില്‍ ബുറൈദയിലും ഉനൈസയിലുമാണ് ബസ് സര്‍വീസ് ആരംഭിച്ചത്. പ്രിന്‍സ് നായിഫ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട്, അല്‍ഖസീം യൂനിവേഴ്‌സിറ്റി, റെയില്‍വെ സ്‌റ്റേഷന്‍ എന്നിവ അടക്കമുള്ള പ്രധാന സ്ഥാപനങ്ങളെയും സൗകര്യങ്ങളെയും ആദ്യ ഘട്ടത്തില്‍ ബസ് സര്‍വീസുകളില്‍ ബന്ധിപ്പിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 210 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളുമാണുള്ളത്.
അല്‍റസ് അടക്കം പ്രവിശ്യയിലെ മറ്റു നഗരങ്ങളില്‍ രണ്ടാം ഘട്ടത്തില്‍ ബസ് സര്‍വീസ് പദ്ധതി നടപ്പാക്കും. ആദ്യ ഘട്ടത്തെയും രണ്ടാം ഘട്ടത്തെയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും. അല്‍ഖസീം പ്രവിശ്യയില്‍ നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത പദ്ധതിയാണ് ഹുറൈദയിലെയും ഉനൈസയിലെയും ബസ് സര്‍വീസ്. ജനസംഖ്യാ വര്‍ധന, വികസനം, സേവന പദ്ധതികളുടെ വിപുലീകരണം, രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദര്‍ശകരുടെ ടൂറിസ്റ്റ് കേന്ദ്രം എന്നിവയാല്‍ സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവിശ്യകളില്‍ ഒന്നാണ് അല്‍ഖസീം. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലൂടെയും സാമ്പത്തിക ഘടനയെ പിന്തുണക്കുന്നതിലൂടെയും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തെ പിന്തുണക്കുന്ന പുതിയ നിക്ഷേപ മാര്‍ഗങ്ങള്‍ തുറക്കുന്നതിലൂടെയും പ്രവിശ്യയിലെ മറ്റു മേഖകളുടെ വികസനത്തിനും വളര്‍ച്ചക്കും ബുറൈദയിലെയും ഉനൈസയിലെയും ബസ് ഗതാഗത പദ്ധതി സഹായിക്കുമെന്നും ഫൈസല്‍ ബിന്‍ മിശ്അല്‍ ബിന്‍ സൗദ് രാജകുമാരന്‍ പറഞ്ഞു.
അല്‍ഖസീമില്‍ പൊതുഗതാഗത സംസ്‌കാരം വര്‍ധിപ്പിക്കാനും റോഡുകളില്‍ സുരക്ഷാ നിലവാരം ഉയര്‍ത്താനും പ്രവിശ്യയില്‍ ഗതാഗതം എളുപ്പമാക്കാനും പരിസ്ഥിതി മലിനീകരണം പരിമിതപ്പെടുത്താനും ലക്ഷ്യമിട്ട് അല്‍ഖസീം നഗരസഭയുമായി സഹകരിച്ചാണ് പൊതുഗതാഗത പദ്ധതി നടപ്പാക്കിയതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ആക്ടിംഗ് പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹ് പറഞ്ഞു.
ബുറൈദ നഗരത്തിലും ഉനൈസയിലും ഇരു നഗരങ്ങള്‍ക്കുമിടയിലുമായി ആകെ 12 റൂട്ടുകളില്‍ 73 ബസുകളാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസിന് ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആകെ 210 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളുമാണുള്ളതെന്നും ഡോ. റുമൈഹ് അല്‍റുമൈഹ് പറഞ്ഞു.
ബുറൈദയിലെയും ഉനൈസയിലെയും പ്രധാന സ്ഥാപനങ്ങളെയും കേന്ദ്രങ്ങളെയും ബന്ധിപ്പിക്കാന്‍ പൊതുഗതാഗത പദ്ധതി സഹായിക്കുന്നതായി അല്‍ഖസീം മേയര്‍ എന്‍ജിനീയര്‍ മുഹമ്മദ് ബിന്‍ മുബാറക് അല്‍മജലി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ബസ് റൂട്ടുകള്‍ 508 കിലോമീറ്ററിലേറെ ദൂരം കവര്‍ ചെയ്യുന്നു.
അല്‍ഖസീം പ്രവിശ്യയിലെ അടിസ്ഥാന പൊതുഗതാഗത പദ്ധതികളുടെ കേന്ദ്രബിന്ദുവായി ആയി ഈ പദ്ധതി കണക്കാക്കപ്പെടുന്നു. ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ശൃംഖല വികസിപ്പിക്കാനുള്ള ഉയര്‍ന്ന വഴക്കം പദ്ധതിയുടെ സവിശേഷതയാണ്. പ്രവിശ്യ നിവാസികള്‍ക്ക് പദ്ധതി തൊഴിലവസരങ്ങളും പ്രദാനം ചെയ്യും. പ്രവിശ്യയില്‍ ജീവിത നിലവാരം മെച്ചപ്പെടുത്താനും സുരക്ഷാ നിലവാരം ഉയര്‍ത്താനും നഗരങ്ങള്‍ക്കുള്ളില്‍ യാത്ര എളുപ്പമാക്കാനും റോഡുകളില്‍ ഗതാഗത്തിരക്ക് കുറക്കാനും പ്രവിശ്യാ നിവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പൊതുഗതാഗത പദ്ധതി സഹായിക്കുമെന്നും മേയര്‍ പറഞ്ഞു.
ആധുനിക സജ്ജീകരണങ്ങളുള്ള ബസുകളില്‍ യാത്രക്കാര്‍ ഇറങ്ങുമ്പോള്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ മുഴുവന്‍ ഡോറുകളിലും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സുരക്ഷ ഉറപ്പാക്കാനും ബസിനുള്ളിലെ യാത്രക്കാരുടെ നീക്കങ്ങളും ബസിനു സമീപം വാഹന ഗതാഗതവും കാല്‍നടയാത്രക്കാരുടെ നീക്കങ്ങളും നിരീക്ഷിക്കാനും ബസുകള്‍ക്കുള്ളിലും പുറത്തും ക്യാമറകളുമുണ്ട്. വികലാംഗരുടെ ആവശ്യങ്ങളും പ്രത്യേകം പരിഗണിച്ചിട്ടുണ്ട്.
ബസുകളില്‍ ടിക്കറ്റ് നിരക്ക് അടക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകളിലെ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനും ബസുകളുടെ റൂട്ടുകള്‍ മനസ്സിലാക്കാനും ഉപയോക്താവ് നില്‍ക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്ത ബസ് അറിയാനും സാധിക്കും. പ്രീ-പെയ്ഡ് കാര്‍ഡുകള്‍ ഉപയോഗിച്ചും ടിക്കറ്റ് നിരക്ക് അടക്കാന്‍ കഴിയും. ആഴ്ചയില്‍ ഏഴു ദിവസവും പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 11.30 വരെ ബസ് സര്‍വീസുകളുണ്ടാകും.