ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എലിന്റെ മൊബൈല്‍ ടവറുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പങ്കിടുന്നതിന് കഴിഞ്ഞ 10 വര്‍ഷമായി റിലയന്‍സ് ജിയോ പണം നല്‍കിയില്ലെന്നും ഈ ഇനത്തില്‍ പൊതുഖജനാവിന് 1,757.56 കോടി രൂപയുടെ നഷ്ടമുണ്ടായതായും കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഓഫ് ഇന്ത്യയുടെ റിപോര്‍ട്ട്. റിലയന്‍സ് ജിയോയുമായി ഉണ്ടാക്കിയ കരാര്‍ നിലവിലുണ്ടായിട്ടും ഇത് നടപ്പാക്കുന്നതില്‍ ബിഎസ്എന്‍എല്‍ പരാജയപ്പെട്ടുവെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍മാരുമായി പങ്കിടുന്ന വരുമാന വിഹിതത്തില്‍ നിന്നും ലൈസന്‍സ് ഫീ കുറക്കാത്തതിനാല്‍ ബിഎസ്എന്‍എലിന് 38.36 കോടി രൂപയുടെ നഷ്ടമുണ്ടായതായും സിഎജി റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ബിഎസ്എന്‍എലിന്റെ ടെലികോം അടിസ്ഥാനസൗകര്യങ്ങള്‍ പങ്കിടുന്നതിന് റിലയന്‍സ് ജിയോ ഇന്‍ഫോകോമുമായി മാസ്റ്റര്‍ സര്‍വീസ് കരാര്‍ ഉണ്ടാക്കിയിരുന്നു. പൂര്‍ണമായും ഉപയോഗിക്കാത്ത ബിഎസ്എന്‍എലിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനായിരുന്നു കരാര്‍. എന്നാല്‍ ഇതുപയോഗിച്ച് റിലയന്‍സ് ജിയോ അധിക സാങ്കേതികവിദ്യകള്‍ വിന്യസിച്ച് അവരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഇതിന് ബിഎസ്എന്‍എല്‍ ബില്ലിട്ടില്ല.
ഈ ഇനത്തില്‍ മേയ് 2014 മുതല്‍ മാര്‍ച്ച് 2024 വരെയുള്ള കാലയളവില്‍ 1757.56 കോടി രൂപയും ഇക്കാലയളവിലെ പിഴ പലിശയും റിലയന്‍സില്‍ നിന്നും ബിഎസ്എന്‍എല്‍ ഈടാക്കിയില്ല എന്നാണ് സിഎജി റിപോര്‍ട്ട്. മാത്രവുമല്ല, സജീവമല്ലാത്ത അടിസ്ഥാനസൗകര്യങ്ങള്‍ ഉപയാഗിച്ചതിനുള്ള ബില്ല് ബിഎസ്എന്‍എല്‍ റിലയന്‍സില് കുറച്ച് നല്‍കിയതായും സിഎജി പറയുന്നു. മാസ്റ്റര്‍ സര്‍വീസ് കരാറിലെ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലും നടപ്പിലാക്കാത്തതിനാലും ബിഎസ്എന്‍എലിന് 29 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായും സിഎജി വ്യക്തമാക്കി.