ലാസ് വെഗാസ്- കോപ അമേരിക്ക ഫുട്ബോളിൽ ബ്രസീലിന്റെ ഗംഭീര തിരിച്ചുവരവ്. പരാഗ്വയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചാണ് കാനറികൾ പഴയ പ്രതാപത്തിന് കുറവ് ഒട്ടും ചോർന്നിട്ടില്ലെന്ന് ഫുട്ബോൾ ആരാധകരെ വിളിച്ചറിയിച്ചത്. വിമർശകരുടെ വലയിലേക്ക് കൂടിയാണ് ബ്രസീൽ നാലു ഗോളുകൾ അടിച്ചുകയറ്റിയത്. നെവാഡയിലെ അല്ലെജിയൻ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ പരാജയം പരാഗ്വയെ ടൂർണമെന്റിൽനിന്ന് പുറത്താക്കുകയും ചെയ്തു.
മത്സരത്തിന്റെ മുപ്പത്തിയൊന്നാമത്തെ മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലുകാസ് പക്വേറ്റ പാഴാക്കിയപ്പോൾ ബ്രസീലിന് ഇന്നും ഭാഗ്യക്കേടിന്റെ ദിനമാണോ എന്ന് ആരാധകർ സംശയിച്ചിരുന്നു. എന്നാൽ മുപ്പത്തിയഞ്ചാമത്തെ മിനിറ്റിൽ വിനീഷ്യസ് ജൂനിയർ മുൻ ജേതാക്കളെ മുന്നിലെത്തിച്ചു. നാൽപത്തിമൂന്നാമത്തെ മിനിറ്റിൽ സാവിയോ മൊറേരിയ ഡി ഒലിവേരയുടെ വക ബ്രസീലിന്റെ രണ്ടാമത്തെ ഗോൾ. ആരാധകരുടെ ആർപ്പുവിളി ഒടുങ്ങുന്നതിന് മുന്നേ നാൽപ്പത്തിയഞ്ചാമത്തെ മിനിറ്റിൽ വിനീഷ്യസ് ജൂനിയർ വീണ്ടും വല ചലിപ്പിച്ചു. രണ്ടാം പകുതിയിലേക്ക് പോകുമ്പോൾ ബ്രസീലിന്റെ സമ്പാദ്യം ഏകപക്ഷീയമായ മൂന്നു ഗോളുകൾ.
രണ്ടാം പകുതി തുടങ്ങി മൂന്നാമത്തെ മിനിറ്റിൽ ഉമർ ആൽഡ്രേട്ട പരാഗ്വക്കായി ഗോൾ നേടി. രണ്ടാം പകുതിയിൽ ശക്തമായി പൊരുതാനുള്ള പരാഗ്വെയുടെ ദൃഢനിശ്ചമായിരുന്നു ഈ ഗോൾ. എന്നാൽ അറുപത്തിയെട്ടാമത്തെ മിനിറ്റിൽ ബ്രസീലിന് അനുകൂലമായി പെനാൽറ്റി. ആദ്യപകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി പാഴാക്കിയ ലുകാസ് പക്വേറ്റ വീണ്ടുമെത്തി. ഇക്കുറി പക്വേറ്റക്ക് പിഴച്ചില്ല. പന്ത് പരാഗ്വയുടെ വലയിൽ വീണു. പരാഗ്വയുടെ പ്രതിരോധത്തിനിടെ ഹാന്റ് ബോളായതാണ് പെനാൽറ്റിക്ക് ഇടയായത്. വീണ്ടും ഗോൾ വീണതോടെ പരാഗ്വ നിരയിൽ നിരാശ പടർത്തി. ഡഗ്ലസ് ലൂയിസുമായുള്ള കയ്യാങ്കളിയെ തുടർന്ന് പരാഗ്വയുടെ ആന്ദ്രേസ് ക്യൂബസിന് റഫറി ചുവപ്പുകാർഡ് കാണിച്ചു. പത്തുപേരായി ചുരുങ്ങിയ പരാഗ്വക്ക് തുടർന്ന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ജൂലൈ 2 ചൊവ്വാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് ഗെയിമിൽ കരുത്തരായ കൊളംബിയ ആണ് ബ്രസീലിന്റെ എതിരാളികൾ.
മറ്റൊരു മത്സരത്തിൽ കോസ്റ്റാറിക്കയെ 3-0ന് തോൽപ്പിച്ച് കൊളംബിയ കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ലൂയിസ് ഡയസ്, ഡാവിൻസൺ സാഞ്ചസ്, ജോൺ കോർഡോബ എന്നിവരുടെ ഗോളുകളിലൂടെയാണ് കൊളംബിയഗ്രൂപ്പ് ഡിയിൽനിന്ന് ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയത്. അടുത്ത ചൊവ്വാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിനെതിരെ ഒരു പോയിൻ്റെങ്കിലും ഉറപ്പാക്കാനായാൽ കൊളംബിയക്ക് ഗ്രൂപ്പ് ജേതാക്കളുമാകാം.
തോൽവിയറിയാതെ 25 കളികളുമായി മുന്നേറുകയാണ് കൊളംബിയ. 2022 ഫെബ്രുവരിയിൽ അർജൻ്റീനയോട് തോറ്റതിന് ശേഷം നെസ്റ്റർ ലോറെൻസോയുടെ സുസംഘടിത ടീം തോറ്റിട്ടില്ല, ബ്രസീലുമായാണ് അടുത്ത മത്സരം.