നൊവാഡ- ലാറ്റിനമേരിക്കൻ ഫുട്ബോൾ രാജാക്കന്മാരെ നിശ്ചയിക്കുന്നതിനുള്ള കോപ അമേരിക്ക ഫുട്ബോളിൽ ഒരിക്കൽ കൂടി ബ്രസീലിന് കാലിടറി. കോപയുടെ ക്വാർട്ടറിൽ ഉറുഗ്വയോട് രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് കാനറികൾ അടിയറവ് പറഞ്ഞത്. മത്സരത്തിന്റെ കാൽഭാഗത്തോളം സമയത്ത് എതിർനിരയിൽ ഒരാളുടെ കുറവുണ്ടായിട്ടും ബ്രസീലിന് വിജയിക്കാനായില്ല. ഈ കോപയിലുടനീളം മോശം പ്രകടനം കാഴ്ചവെച്ച ബ്രസീലിന് ഇന്നത്തെ മത്സരത്തിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
ഉറുഗ്വയ്ക്ക് വേണ്ടി ആദ്യം ഷോട്ടെടുക്കാനെത്തിയ വാൽവെർഡെക്ക് പിഴച്ചില്ല. എന്നാൽ ബ്രസീലിന്റെ ആദ്യ ഷോട്ട് തന്നെ ഉറുഗ്വായ് ഗോളി തടുത്തു. മിലാറ്റോയാണ് ഷോട്ടെടുത്തത്. ഉറുഗ്വ താരങ്ങളായ റോഡ്രിഗോ ബെന്റാകുർ, ജോർജിയൻ അരാസ്കതെ, മാനുവൽ ഉഗ്രറ്റ എന്നിവർ പെനാൽറ്റി ഷൂട്ടൗട്ട് ഗോളാക്കി. ജോസ് മരിയ ഗോമസിന്റെ അടി ബ്രസീൽ ഗോളി തടുത്തിട്ടു. അതേസമയം ബ്രസീൽ നിരയിൽ ആൻഡ്രൂസ് പെരേരിയ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ മാത്രമാണ് ഗോളുകൾ നേടിയത്.
മത്സരത്തിന്റെ ആദ്യത്തെ മിനിറ്റ് മുതൽ ശാരീരികമായാണ് ഇരുടീമുകളും മത്സരത്തെ സമീപിപ്പിച്ചത്. ഉറുഗ്വയാണ് ഇന്നത്തെ മത്സരത്തിൽ ആദ്യമുന്നേറ്റം നടത്തിയത്. വലതുവശത്തുനിന്ന് ഡാർവിൻ നുനെസിൽനിന്ന് ലഭിച്ച പന്തുമായി ബോക്സിനുള്ളിൽ കയറാൻ ശ്രമിച്ച പെല്ലിസ്ട്രിയെ ബ്രസീൽ പ്രതിരോധ നിരയിലെ താരങ്ങൾ ഫലപ്രദമായി നേരിട്ടു. ആദ്യത്തെ ഏഴു മിനിറ്റ് വരെ മത്സരം മധ്യനിരയിൽ മാത്രമാണ് കേന്ദ്രീകരിച്ചത്. ഒൻപതാമത്തെ മിനിറ്റിൽ ഉറുഗ്വയുടെ ഒലിവേര മികച്ച മുന്നേറ്റം നടത്തിയെങ്കിലും ബ്രസീലിന്റെ എൻഡ്രിക്ക് പ്രതിരോധം തീർത്തു.
തുടർന്ന് ബ്രസീലും ഉറുഗ്വായും നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പലതും ലക്ഷ്യം കാണാതെ അവസാനിച്ചു. എഴുപത്തിനാലാമത്തെ മിനിറ്റിൽ നാഹിറ്റാൻ നന്ദേസ് ചുവപ്പു കാർഡ് കണ്ടു പുറത്തായതോടെ ഉറുഗ്വായ് പത്തുപേരായി ചുരുങ്ങി. ബ്രസീൽ താരം റോഡ്രിഗ്രോയെ ഫൗൾ ചെയ്തതിന് വീഡിയോ റിവ്യൂവിലൂടെയാണ് ഉറുഗ്വായ് താരത്തിന് മാച്ചിംഗ് ഓർഡർ നൽകിയത്. എതിർനിരയിലെ ഒരാളുടെ കുറവ് മുതലെടുക്കാൻ ബ്രസീൽ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്രസീൽ താരങ്ങൾ വിജയത്തിലെത്താൻ കിണഞ്ഞുശ്രമിച്ചെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോകാനുള്ള നീക്കമായിരുന്നു ഉറുഗ്വായ് താരങ്ങൾ നടത്തിയത്.
രണ്ടാം പകുതിയിൽ ലഭിച്ച അഞ്ചു മിനിറ്റ് എക്സ്ട്രാ ടൈമിലും ബ്രസീൽ വിജയിക്കാനുള്ള ഭഗീരഥ പ്രയത്നം നടത്തി. എന്നാൽ റഫറി ഫൈനൽ വിസിൽ മുഴക്കിയതോടെ വിജയികളെ തീരുമാനിക്കുന്നതിനുള്ള പെനാൽറ്റി ഷൂട്ടൗട്ടിനായി റഫറി വിസിലൂതി. ഒടുവിൽ ഈ കോപ്പയിലെ ബ്രസീലിന്റെ മത്സരങ്ങളും അവസാനിച്ചു. കഴിഞ്ഞ ലോകകപ്പ് ഫുട്ബോളിന് ശേഷം കാര്യമായ വിജയങ്ങളൊന്നുമില്ലാതെയാണ് ബ്രസീൽ ഫുട്ബോൾ ടീം യാത്ര തുടരുന്നത്. ഈ കോപ്പയിലും ബ്രസീലിന്റെ പ്രകടനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. കൊളംബിയയുമായി അടുത്ത ബുധനാഴ്ച സെമിയിൽ ഉറുഗ്വ ഏറ്റുമുട്ടും.