ജിദ്ദ – ദുര്‍ഗന്ധം വമിക്കുന്ന വസ്തുക്കളുമായി ബസുകള്‍ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ കയറുന്നത് നിയമ ലംഘനമായി കണക്കാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി നിര്‍ണയിച്ചു. ഇതടക്കം യാത്രക്കാരുമായി ബന്ധപ്പെട്ട 14 പൊതുനിയമ ലംഘനങ്ങള്‍ അതോറിറ്റി അംഗീകരിച്ചു.
എളുപ്പത്തില്‍ കേടാകുന്ന ഭക്ഷ്യവസ്തുക്കളുമായി ടാക്സികളടക്കമുള്ള പൊതുവാഹനങ്ങളിൽ കയറല്‍, യാത്രാ കൂലി നല്‍കാതിരിക്കല്‍, സേവനവുമായി ബന്ധപ്പെട്ട് അതോറിറ്റി നിയമാവലിയും ഗതാഗത കമ്പനി നിര്‍ദേശങ്ങളും പാലിക്കാതിരിക്കല്‍, വാഹനങ്ങളിലും ബസുകളിലും മൃഗങ്ങളെ കയറ്റല്‍, തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ വിസമ്മതിക്കല്‍, നമസ്‌കാരത്തിന് നീക്കിവെച്ച മുറികളില്‍ കിടന്നുറങ്ങല്‍ എന്നിവയും നിയമലംഘനായി കണക്കാക്കും.
പരിശോധനക്കിടെയോ, വാഹന ജീവനക്കാരോ പരിശോധകരോ ആവശ്യപ്പെടുമ്പോഴോ ടിക്കറ്റ് കൈമാറാതിരിക്കല്‍, ഇളവുകളോടെയുള്ള ടിക്കറ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദാംശങ്ങൾ നൽകാതിരിക്കൽ, ഗതാഗത സംവിധാനത്തിനോ അനുബന്ധ സ്ഥാപനങ്ങള്‍ക്കോ കേടുപാടുകളുണ്ടാക്കുന്ന മുഷിഞ്ഞ വേഷങ്ങള്‍ ധരിക്കല്‍, വികലാംഗര്‍ക്ക് നീക്കിവെച്ച സ്ഥലങ്ങളും സീറ്റുകളും ഉപയോഗിക്കല്‍, ലഗേജ് ഹോള്‍ഡറില്‍ സൂക്ഷിക്കാന്‍ കഴിയാത്ത നിലക്കുള്ളതോ യാത്രക്കാരന് സ്വയം വഹിക്കാന്‍ കഴിയാത്തതോ പൊതുഗതാഗത സംവിധാനത്തിനോ അനുബന്ധ സ്ഥാപനങ്ങള്‍ക്കോ കേടുപാടുകള്‍ വരുത്തുന്നതോ ആയ ലഗേജുകള്‍ കൊണ്ടുവരല്‍, പൊതുഗതാഗത സംവിധാനങ്ങളിലും സ്‌റ്റേഷനുകളിലും അനുബന്ധ സ്ഥാപനങ്ങളിലും സൈക്കിളുകളും സ്‌കേറ്റ് ബോര്‍ഡുകളും ഉപയോഗിക്കല്‍, പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ ലഗേജുകള്‍ സൂക്ഷിക്കല്‍, പൊതുഗതാഗത സംവിധാനത്തിനോ അനുബന്ധ സ്ഥാപനങ്ങള്‍ക്കോ കേടുപാടുകള്‍ വരുത്തല്‍ എന്നിവയും യാത്രക്കാരുടെ ഭാഗത്തുള്ള പൊതുനിയമ ലംഘനങ്ങളാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.
ബസുകളിലും പശ്ചാത്തല സൗകര്യങ്ങളിലും ചാടിക്കയറല്‍, നിരോധിത പ്രദേശങ്ങളില്‍ പ്രവേശിക്കല്‍, യാത്രക്കിടെ ഡ്രൈവറുടെ ശ്രദ്ധ തിരിക്കല്‍, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പശ്ചാത്തല സൗകര്യ ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കല്‍, യാത്രക്കിടെ സീറ്റില്‍ അലക്ഷ്യമായി ഇരിക്കാതിരിക്കല്‍, സേവനം നല്‍കുന്ന സ്ഥലങ്ങളില്‍ പ്രവേശന കവാടങ്ങള്‍ അടക്കല്‍, ബസുകളില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മറ്റു യാത്രക്കാര്‍ക്ക് നീങ്ങാന്‍ മതിയായ ഇടം നല്‍കാതിരിക്കല്‍, ബസുകള്‍ക്കകത്തും പുകവലി നിരോധിച്ച മറ്റിടങ്ങളിലും പുകവലിക്കല്‍, ശരീര ഭാഗങ്ങള്‍ വിന്‍ഡോകളിലൂടെയും ഡോറുകളിലൂടെയും പുറത്തേക്കിടല്‍, ബസിന്റെ പുറംഭാഗത്ത് പിടിച്ചുതൂങ്ങല്‍, കാലുകള്‍ സീറ്റുകളില്‍ കയറ്റിവെക്കല്‍, ബേബി ട്രോളിയും വികലാംഗര്‍ക്കുള്ള വീല്‍ചെയറുകളും ഒഴികെ മടക്കിവെക്കാന്‍ കഴിയാത്ത ടയറുകളുള്ള വ്യക്തിഗത വാഹനങ്ങള്‍ ബസുകളില്‍ കയറ്റല്‍, ബസില്‍ നിറയെ യാത്രക്കാര്‍ ഉണ്ടാവുകയും ബസില്‍ കയറരുതെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുകയും ചെയ്ത ശേഷം ബസില്‍ കയറല്‍ എന്നിവയും നിയമ ലംഘനങ്ങളാണ്.
സമുദ്ര ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുമായി ബന്ധപ്പെട്ട അഞ്ചു നിയമ ലംഘനങ്ങളും അതോറിറ്റി നിര്‍ണയിച്ചു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കല്‍, ടിക്കറ്റിലോ ബുക്കിംഗിലോ വ്യക്തമാക്കിയതിനു വിരുദ്ധമായി കപ്പലുകളില്‍ സീറ്റുകളും മുറികളും ഉപയോഗിക്കല്‍, കാലുകള്‍ സീറ്റുകളില്‍ കയറ്റിവെക്കല്‍, കപ്പലുകള്‍ക്കകത്തും നിരോധിത സ്ഥലങ്ങളിലും പുകവലിക്കല്‍, എന്തെങ്കിലും വസ്തുക്കളോ മാലിന്യങ്ങളോ സമുദ്രത്തിലേക്ക് എറിയല്‍ എന്നിവയാണ് കപ്പല്‍ യാത്രക്കാരുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി നിര്‍ണയിച്ചിരിക്കുന്നത്.