റിയാദ് – കിംഗ് അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വില്‍ ലൈസന്‍സില്ലാതെ പക്ഷിവേട്ട നടത്തിയ മൂന്നു സൗദി യുവാക്കളെ പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മുസൈര്‍ ഫറാജ് അല്‍മുതൈരി, യാസിര്‍ ഫറാജ് അല്‍മുതൈരി, മുഹമ്മദ് സൈഫ് അല്‍മുതൈരി എന്നിവരാണ് അറസ്റ്റിലായതത്. രണ്ടു ഷോട്ട്ഗണുകളും രണ്ടു എയര്‍ഗണുകളും ഷോട്ട്ഗണില്‍ ഉപയോഗിക്കുന്ന 849 വെടിയുണ്ടകളും എയര്‍ഗണില്‍ ഉപയോഗിക്കുന്ന 591 വെടിയുണ്ടകളും പക്ഷിവലകളും എയര്‍ സിലിണ്ടറുകളും വേട്ടയടി പിടിച്ച 144 പക്ഷികളെയും ഇവരുടെ പക്കല്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
സൗദിയില്‍ ലൈസന്‍സില്ലാതെ നായാട്ട് നടത്തുന്നതിന് 10,000 റിയാലും ലൈസന്‍സില്ലാതെ നായാട്ട് നടത്താന്‍ ഷോട്ട്ഗണ്‍ ഉപയോഗിക്കുന്നതിന് ഒരു ലക്ഷം റിയാലും നിരോധിത സ്ഥലങ്ങളില്‍ നായാട്ട് നടത്തുന്നതിന് 5,000 റിയാലും പക്ഷിവേട്ട നടത്തുന്നതിന് 5,000 റിയാലും പിഴ ലഭിക്കുമെന്ന് പരിസ്ഥിതി സുരക്ഷാ സേന പറഞ്ഞു.