(തിരുവല്ല) പത്തനംതിട്ട – പക്ഷിപ്പനി സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലെ നിരണം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ താറാവുകളെ കൊന്നൊടുക്കൽ തുടങ്ങി. കഴിഞ്ഞദിവസം നാലായിരത്തോളം താറാവുകളെ കൊന്നതിന് പിന്നാലെ, ഇന്ന് രാവിലെ 11 മണിയോടെയാണ് താറാവുകളെ കൊല്ലുന്നതിന്റെ തുടർ നടപടികൾ ആരംഭിച്ചത്.
താറാവ് കർഷകരായ കണ്ണൻമാലിൽ വീട്ടിൽ കുര്യൻ മത്തായി, ഇടത്തിട്ടങ്കരി വീട്ടിൽ മനോജ് ഏബ്രഹാം എന്നിവരുടെ വളർത്തു താറാവുകളിൽ ചിലത് നാല് ദിവസങ്ങൾക്ക് മുമ്പ് ചത്ത് വീണതിനെ തുടർന്നുള്ള പരിശോധനയിലാണ് ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇരു കർഷകരുടെയും ആറായിരത്തോളം താറാവുകളെയാണ് കൊന്നൊടുക്കുന്നത്.
പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച നിരണം ഡക്ക് ഫാമിലെ നാലായിരത്തോളം താറാവുകളെ കഴിഞ്ഞ ദിവസം വിഷം നൽകി കൊന്നിരുന്നു. ശേഷം ഗ്യാസ് ബർണർ ഉപയോഗിച്ച് ഇവ കത്തിക്കുകയായിരുന്നു. ഇത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയചതിനാൽ താറാവുകളെ വിഷം നൽകി കൊന്ന ശേഷം കുഴിച്ചിടുന്ന രീതിയാണ് ഇന്ന് അവലംബിക്കുകയെന്ന് ബന്ധപ്പെട്ടവർ പ്രതികരിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു കോഴികൾ അടക്കമുള്ള പക്ഷികളെയും കഴിഞ്ഞദിവസം കൊന്നിരുന്നു.
അതിനിടെ, താറാവുകളെ കൊന്നൊടുക്കുന്നത് വൈകിട്ടോടെ പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിലാണ് പക്ഷിപ്പനിക്ക് കാരണമായ എച്ച്5 എൻ8 വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group