ടെൽഅവീവ്- ഹമാസുമായുള്ള വെടിനിർത്തൽ കരാർ ഒപ്പുവെക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ഇസ്രായേലികൾ ടെൽഅവീവിൽ തെരുവിലിറങ്ങി കൂറ്റൻ പ്രതിഷേധ സമരത്തിൽ അണിനിരന്നു. ഹമാസ് ബന്ദികളാക്കിയ ആറു പേരെ കൂടി ഗാസയിൽ മരിച്ചനിലയിൽ കണ്ടെത്തിയതോടെയാണ് ഇസ്രായിലിൽ വൻ പ്രക്ഷോഭം അരങ്ങേറുന്നത്. ഇസ്രായേലിലെ പ്രധാന തൊഴിലാളി യൂണിയൻ നാളെ പണിമുടക്കിന് ആഹ്വാനവും ചെയ്തു.
ഗാസയിലേക്കുള്ള ഇസ്രായിലിന്റെ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേലിലെ ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രകടനങ്ങളിലൊന്നാണ് ഇന്ന് (ഞായറാഴ്ച) രാത്രി നടന്നത്. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ സംഘർഷവും റിപ്പോർട്ട് ചെയ്തു. ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബാക്കിയുള്ള തടവുകാരെ നാട്ടിലേക്ക് കൊണ്ടുവരാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെടണമെന്ന് വിളിച്ചുപറഞ്ഞാണ് പ്രതിഷേധക്കാർ ടെൽഅവീവിൽ ഒത്തുകൂടിയത്.
പ്രതിഷേധക്കാർ ടെൽ അവീവിൽ റോഡുകൾ തടയുകയും പടിഞ്ഞാറൻ ജറുസലേമിലെ നെതന്യാഹുവിൻ്റെ ഓഫീസിന് പുറത്ത് പ്രകടനം നടത്തുകയും ചെയ്തു. ഗാസയിൽ ബന്ദികളാക്കിയ ഇസ്രായേലികളുടെ ബന്ധുക്കൾ അടക്കം പതിനായിരങ്ങളാണ് പശ്ചിമ ജറുസലേമിൽ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയത്. വെടിനിർത്തൽ കരാർ ഒപ്പിടുന്നതിൽ നെതന്യാഹു പരാജയപ്പെട്ടതാണ് ആറു ബന്ദികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഹമാസിൽനിന്ന് 11 മാസത്തെ പീഡനവും പട്ടിണിയും സഹിച്ചവർ ഒടുവിൽ കൊല്ലപ്പെടുകയും ചെയ്തുവെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
അതേസമയം, വെടിനിർത്തൽ കരാർ ഒപ്പിടണമെന്നാവശ്യപ്പെട്ട് നാളെ(തിങ്കളാഴ്ച) ഇസ്രായേലിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ഫെഡറേഷനായ ഹിസ്റ്റാഡ്രട്ട്, രാജ്യത്ത് പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇസ്രായേലിൻ്റെ പ്രധാന വ്യോമഗതാഗത കേന്ദ്രമായ ബെൻ ഗുറിയോൺ എയർപോർട്ട് തിങ്കളാഴ്ച രാവിലെ 8 മണി മുതൽ അടച്ചിടുമെന്ന് യൂണിയൻ അറിയിച്ചു. ഇസ്രായേലിൻ്റെ സമ്പദ്‌വ്യവസ്ഥയെ പണിമുടക്ക് പ്രതികൂലമായി ബാധിക്കും. ഇസ്രായേലിലെ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ സമരത്തെ പിന്തുണച്ചു. ബന്ദികളാക്കിയവരെ ജീവനോടെ തിരികെ കൊണ്ടുവരാനുള്ള “ധാർമ്മിക കടമ”യിൽ സർക്കാർ പരാജയപ്പെട്ടെന്നും അസോസിയേഷൻ ആരോപിച്ചു.
പണിമുടക്കിനെ പിന്തുണക്കുന്നതായി ഇസ്രായേൽ പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ യാർ ലാപിഡ് പറഞ്ഞു.